കണ്ണൂർ: അഴീക്കോട് സ്കൂളിൽ ഹയർ സെക്കൻഡറി ബാച്ച് അനുവദിക്കാൻ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണവും ഇതിൽ അന്വേഷണത്തിനുള്ള ഉത്തരവും സർക്കാരിന്റെ രാഷ്ട്രീയ പക പോക്കൽ മാത്രമാണെന്ന് കെ.എം ഷാജി എം.എൽ.എ പറഞ്ഞു. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ വിവാദം ഉണ്ടായത്. ഇത് പ്രതീക്ഷിച്ചത് തന്നെയാണ്. പാർട്ടി കൂടെയുണ്ട്. നിയമ നടപടികൾ ആലോചിച്ച് തീരുമാനിക്കും. ഇനി പല അന്വേഷണവും വരുമെന്നും പാർട്ടിയിലെ ഒരു ഘടകത്തിലും തനിക്കെതിരെ പരാതി ഇല്ലെന്നും എം.എൽ.എ പറഞ്ഞു.
കേസ് ഈ രീതിയിൽ നീളുന്നുണ്ടെങ്കിൽ അതിൽ വസ്തുതയില്ലെന്ന് വ്യക്തമല്ലേയെന്ന് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ കരീം ചേലേരി ചോദിച്ചു. മറ്റുള്ളവർ പറയാൻ മടിച്ച കാര്യങ്ങൾ ഷാജി പറഞ്ഞതാണ് പകയ്ക്ക് കാരണം. അഴീക്കോട് സ്കൂളുമായി ബന്ധപ്പെട്ട് ഇങ്ങനൊരു അന്വേഷണം നടന്നിരുന്നെങ്കിലും ഞങ്ങളാരും കക്ഷിയായിരുന്നില്ല, മൊഴിയും എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, രക്തസാക്ഷിത്വ പരിവേഷം ചമയാനുള്ള ശ്രമമാണ് ഷാജിയുടെ പ്രസ്താവനയിൽ നിന്ന് വ്യക്തമാകുന്നതെന്ന് പരാതിക്കാരനും കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കുടുവൻ പത്മനാഭൻ പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള വിവാദമൊക്കെ അന്വേഷണം ഭയന്ന് മുൻകൂട്ടി എറിഞ്ഞ വടിയാകാമെന്നും അദ്ദേഹം പരിഹസിച്ചു. 2017 ലാണ് അഴീക്കോട് സ്കൂൾ മാനേജ്മെന്റ് കെ.എം ഷാജി എം.എൽ.എയ്ക്ക് പണം നൽകിയെന്ന ആരോപണം ഉയർന്നത്. ലീഗ് പൂതപ്പാറ ശാഖ കമ്മിറ്റിയെ സ്കൂൾ മാനേജ്മെന്റ് ഈ ആവശ്യവുമായി സമീപിച്ചിരുന്നു. ആസ്ഥാന മന്ദിരം പണിയാൻ 25 ലക്ഷം രൂപ ഇവർ ആവശ്യപ്പെട്ടു.
ഹയർ സെക്കൻഡറി ലഭിച്ചതിന് പിന്നാലെ പണം ആവശ്യപ്പെട്ടപ്പോഴേക്കും എം.എൽ.എ വാങ്ങിയെന്നായിരുന്നു മറുപടി. ശാഖ കമ്മിറ്റി പഞ്ചായത്ത് കമ്മിറ്റിയ്ക്ക് നൽകിയ പരാതിയുടെ കോപ്പിയടക്കം ലഭിച്ചെന്നും ഇത് സഹിതമാണ് മുഖ്യമന്ത്രിയ്ക്ക് സെപ്തംബറിൽ പരാതി നൽകിയതെന്നും പത്മനാഭൻ പറഞ്ഞു. കണ്ണൂർ വിജിലൻസ് ഡിവൈ.എസ്.പി അന്വേഷണം ആരംഭിച്ച ശേഷം എം.എൽ.എ കൂടി പരിധിയിൽ വരുന്നതിനാൽ നവംബറിൽ സ്പീക്കറുടെ അനുമതി തേടി. അനുമതി മാർച്ച് 16 ന് ലഭിച്ചു.