കാസർകോട്: ലോകമാകെ മരണംവിതച്ച് മുന്നേറുന്ന കൊവിഡ് 19 നെ പഴുതടച്ച പ്രതിരോധമൊരുക്കി തളച്ചിടുന്ന കാഴ്ചയാണ് കാസർകോട്ട്. അതിജീവനത്തിന്റെ പുതുമാതൃക തീർത്താണ്

മനുഷ്യരാശി തന്നെ നേരിട്ട വൻവിപത്തിനെ ഈ ജനത ചെറുക്കുന്നത്.

ഇതുവരെ റിപ്പോർട്ട് ചെയ്ത 168 കൊവിഡ് രോഗികളിൽ 107 പേരും രോഗവിമുക്തരായത് പുതുചരിത്രമാണ്. ഇതുവരെ 63.69 ശതമാനമാണ് റിക്കവറി റേറ്റ്. ഒരുജീവൻ പോലും നഷ്ടമായതുമില്ല. കൊവിഡ് പോസിറ്റീവായ 168 കേസുകളിൽ 103 പേരും വിദേശ രാജ്യങ്ങളിൽ നിന്നും വന്നവരായിരുന്നു. 65 രോഗികൾ സമ്പർക്ക പട്ടികയിലുള്ളവരായിരുന്നു. കഴിഞ്ഞ ഒറ്റദിവസം 24 പേരാണ് കാസർകോട് നിന്ന് രോഗവിമുക്തി നേടിയത്.

ഏപ്രിൽ ആറിന് മാത്രം പ്രവർത്തനം ആരംഭിച്ച കാസർകോട് ഗവ. മെഡിക്കൽ കോളജിൽ നിന്ന് പത്ത് ദിവസത്തിനുള്ളിൽ അഞ്ചു പേർക്ക് രോഗ വിമുക്തി നേടാൻ സാധിച്ചത് പുത്തൻ പ്രതീക്ഷയാണ് നൽകുന്നത്. തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിൽ നിന്നുള്ള 27 അംഗ മെഡിക്കൽ വിദഗ്ദരാണ് കാസർകോട് മെഡിക്കൽ കോളേജിന്റെ ചികിത്സയ്ക്ക് നേതൃത്വം നൽകിയത്. 14 ദിവസത്തെ ഡ്യുട്ടി കഴിഞ്ഞ് ഡോ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്തേക്ക് മടങ്ങിയത് സന്തോഷം പങ്കുവെച്ചാണ്.

മാർച്ച് പകുതിയോടെയാണ് കേരളത്തിൽ കൊവിഡിന്റെ രണ്ടാംവരവ് തുടങ്ങിയത്. ഓരോ ദിവസവും രോഗികളുടെ എണ്ണം ഉയർന്നു വന്നു. രോഗവ്യാപനത്തെ പ്രതിരോധിക്കാൻ ശക്തമായ സന്നാഹവുമായി ജില്ലാഭരണകൂടം മുന്നിട്ടിറങ്ങി. ജില്ലയിലെ രോഗബാധിതരിൽ 70 ശതമാനത്തിലധികവും ദുബായിൽ നിന്ന് വന്നവരായിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ്19 കേസുകൾ റിപ്പോർട്ട് ചെയ്തത് കാസർകോടാണ്. 50 വയസിന് മുകളിലുള്ളവരുണ്ടായിട്ടും ഒറ്റ ജീവൻപോലും പൊലിഞ്ഞില്ലെന്നതും നേട്ടമായി.

വിജയം സമ്പന്ന രാജ്യങ്ങൾ കീഴ്പ്പെട്ടിടത്ത്

കൊവിഡിനെ പിടിച്ചുകെട്ടാൻ കഴിയാതെ വലയുമ്പോഴാണ് കേരളത്തിന്റെ വടക്കേ അറ്റത്തുള്ള കാസർകോട് ജില്ല മഹാമാരിയെ ധീരമായി പ്രതിരോധിച്ചത് എന്നത് അതിജീവന ദൗത്യത്തിന്റെ പുതിയ പാഠമാകുന്നു. സ്‌പെഷ്യൽ ഓഫീസർ അൽകേഷ് കുമാർ ശർമ്മ, ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു എന്നിവർ നേതൃത്വം നൽകിയ ദൗത്യസംഘത്തിൽ പൊലീസ് സേനയെ ഐ ജിമാരായ വിജയ് സാഖറെ, അശോക് യാദവ്, എസ് പിമാരായ പി .എസ്. സാബു, ഡി .ശില്പ എന്നിവരും ആരോഗ്യ പ്രവർത്തകരെ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ .വി. രാംദാസ്, ഡി .എസ്. ഒ ഡോ. എ. ടി മനോജ്, ജില്ലാ പ്രോഗ്രാം മനേജർ (എൻ എച്ച് എം) ഡോ. രാമൻ സ്വാതി വാമൻ എന്നിവരുമാണ് നയിക്കുന്നത്.