mathew
ഫാ. മാത്യു മുള്ളൻമട

ആലക്കോട്: തലശ്ശേരി അതിരൂപതയിലെ മുതിർന്ന വൈദികൻ ഫാ. മാത്യു മുള്ളൻമട (95) നിര്യാതനായി. 1925 ഡിസംബർ 26 ന് പാലായ്ക്കടുത്തുള്ള ആനിക്കാട്ടെ മുള്ളൻമട വർക്കി - റോസമ്മ ദമ്പതികളുടെ മകനായി ജനിച്ച മാത്യു പാലാ രൂപതയിൽ വൈദികപഠനം പൂർത്തിയാക്കി 1959 ഏപ്രിൽ 4 ന് പൗരോഹിത്യം സ്വീകരിച്ചു. തലശ്ശേരി രൂപത സ്ഥാപിതമായതോടെ അന്നത്തെ തലശ്ശേരി രൂപത ബിഷപ്പ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെ ആവശ്യപ്രകാരം തലശ്ശേരി രൂപതയിൽ സേവനമനുഷ്ഠിക്കുന്നതിനായി സന്നദ്ധനാവുകയായിരുന്നു. തുടർന്ന് കുളത്തുവയൽ, നെല്ലിക്കുറ്റി, വെളിമാനം, പെരുമ്പടവ്, കിളിയന്തറ, കച്ചേരിക്കടവ്, മാടത്തിൽ, മണത്തണ, കർണ്ണാടകത്തിലെ ഷിരാടി എന്നീ ഇടവകകളിൽ സേവനമനുഷ്ഠിച്ചു. കഴിഞ്ഞ 26 വർഷമായി കരുവഞ്ചാലിലെ വൈദിക മന്ദിരത്തിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

മൃതദേഹം ഇന്നലെ രാത്രി 9 മണിവരെ വൈദികമന്ദിരത്തിൽ പൊതുദർശനത്തിനു വെച്ചു. തുടർന്ന് തലശ്ശേരി രൂപതാ ആസ്ഥാനത്തേയ്ക്ക് കൊണ്ടുവന്നു. സംസ്‌കാരം ഇന്ന് രാവിലെ 9.30 ന് തലശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോർജ്ജ് ഞരളക്കാട്ടിന്റെ മുഖ്യ കാർമ്മികത്വത്തിൽ തലശേരി കത്തീഡ്രൽ ദേവാലയത്തിൽ നടക്കും. സഹോദരങ്ങൾ: മറിയാമ്മ (മറ്റക്കര), പരേതരായ തോമസ് (ആനിക്കാട് ), ജോസഫ് (ആലക്കോട്) , പീലിപ്പോസ് (ആനിക്കാട്), ത്രേസ്യാമ്മ (കിളിയന്തറ).