കണ്ണൂർ: ലോക്ക് ഡൗണിൽ നാട് പട്ടിണിയിലാകാതിരിക്കാൻ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണുകളിൽ വിയർപ്പൊഴുക്കുമ്പോഴും കുടുംബശ്രീ പ്രവർത്തകർ സങ്കടത്തിലാണ്. വിഷുമേളയിൽ ഉൾപ്പെടെ വിപണി നഷ്ടമായതോടെ ഒരു കോടിയിലേറെ രൂപയുടെ നഷ്ടമാണ് ജില്ലയിലെ കുടുംബശ്രീക്ക് ഉണ്ടായിരിക്കുന്നത്.
കുടുംബശ്രീയുടെ കറി പൗഡർ, ഇതര ഭക്ഷ്യോത്പന്ന യൂണിറ്റുകളാണ് പ്രതിസന്ധിയിലായത്. ഇവയ്ക്ക് ലോക്ക് ഡൗണിൽ വിലക്കില്ലെങ്കിലും ഗതാഗതസൗകര്യമില്ലാത്തതിനാൽ യൂണിറ്റുകളിലെത്താനാവുന്നില്ല. യൂണിറ്റുകൾ തുറന്നുവെക്കുന്നുവെന്നല്ലാതെ ഉത്പാദനമില്ല. ജില്ലയിലെ ബ്രാൻഡഡ് ഉത്പന്നങ്ങളുടെ കൺസോർഷ്യത്തിൽ അംഗങ്ങളായ അമ്പതിലധികം യൂണിറ്റുകൾ കുടുംബശ്രീക്ക് കീഴിലുണ്ട്. അതുവരെ ഉത്പാദിപ്പിച്ച ഉത്പന്നങ്ങൾ ഏറെക്കുറേ ഹോം ഡെലിവറി വഴി വിറ്റഴിക്കാൻ കഴിഞ്ഞത് അൽപം ആശ്വാസമായി. നേരത്തെ നിലവിലുള്ള ഹോം ഡെലിവറി സംവിധാനത്തെ ലോക്ക് ഡൗൺ കാലത്ത് കൂടുതൽ കാര്യക്ഷമമാക്കുകയായിരുന്നു.
എന്നാൽ ഈ വിഷുക്കാലത്തെ വളരെ പ്രതീക്ഷയോടെയാണ് കുടുംബശ്രീ യൂണിറ്റുകൾ കണ്ടിരുന്നത്. കഴിഞ്ഞ ഓണക്കാല വിപണിയിൽ 80 ലക്ഷം രൂപയുടെ വരുമാനമാണ് ജില്ലയിൽ കുടുംബശ്രീ നേടിയത്. പ്രളയകാലത്തിന് തൊട്ടുപിന്നാലെ എത്തിയ ഓണം വിപണിയിൽ നിന്ന് വ്യത്യസ്തമായി വിഷുവിന് കൂടുതൽ വില്പന നടക്കുമെന്നും കണക്കുകൂട്ടിയിരുന്നു.
അപ്പാരൽ യൂണിറ്റുകൾക്ക് ഉണർവ്
അപ്പാരൽ യൂണിറ്റുകളിൽ ചിലതിന് എന്നാൽ കൊവിഡ് 19 അല്പം ഉണർവാണ് നല്കിയത്. വസ്ത്രങ്ങളുടെ ഉത്പാദനത്തിൽ നിന്ന് അടുത്തിടെ അപ്പാരൽ യൂണിറ്റുകളുടെ ശ്രദ്ധ കൂടുതലായി തുണി സഞ്ചി നിർമ്മാണത്തിലേക്ക് തിരിഞ്ഞിരുന്നു. കൊവിഡ് കാലത്ത് ഇത് കോട്ടൺ മാസ്കുകളിലേക്കും മാറിയതോടെ വലിയ മുന്നേറ്റമുണ്ടാക്കാൻ ഇവർക്കായി. എന്നാൽ നൂറോളം ചെറുതും വലുതുമായ യൂണിറ്റുകളിൽ 30 ഓളം യൂണിറ്റുകളാണ് മാസ്ക് നിർമ്മാണം നടത്തിയത്. കുടുംബശ്രീ ന്യൂട്രിമിക്സ് ഉത്പന്നങ്ങളുടെ നിർമ്മാണം ലോക്ക് ഡൗൺ കാലത്ത് നടക്കുന്നുണ്ട്.
ബൈറ്റ്
75000 കോട്ടൺ മാസ്കുകൾ ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകൾ നിർമ്മിച്ചു നല്കിയിട്ടുണ്ട്. സിംഗിൾ, ഡബിൾ ലെയർ മാസ്കുകളാണ് നിർമ്മിച്ചത്.
ഡോ. എം. സുർജിത്ത്,ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ