മാഹി: പുതുച്ചേരി സംസ്ഥാനത്ത് ആദ്യമായി കൊവിഡ് റിപ്പോർട്ട് ചെയ്തിട്ടും ആദ്യ മരണം നടന്നിട്ടും ഉണർന്നുപ്രവർത്തിക്കാതെ മാഹി ഭരണകൂടം. കഴിഞ്ഞ 28 ദിവസത്തിനുള്ളിൽ മയ്യഴിയിൽ ഒറ്റ കൊവിഡ് കേസുപോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നാണ് സർക്കാരിന്റെ വെബ്സൈറ്റിൽ പോലും രേഖപ്പെടുത്തിയിരിക്കുന്നത്.

ഇക്കഴിഞ്ഞ 11ന് ചെറുകല്ലായി സ്വദേശി മരിച്ചതും ഇദ്ദേഹവുമായുള്ള സമ്പർക്കം വഴി മറ്റ് രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിക്കപ്പെട്ടതും സർക്കാർ രേഖകളിൽ അടയാളപ്പെടുത്തിയിട്ടില്ല. ചെറുകല്ലായി സ്വദേശിയുടെ മരണം മൂലമാണ് കേരളത്തിലെ അതിർത്തി പഞ്ചായത്തുകളായ ന്യൂ മാഹി, ചൊക്ലി ,പന്ന്യന്നൂർ എന്നിവിടങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചത്. മയ്യഴിയിലേക്കുള്ള മുഴുവൻ ഊടുവഴികൾ പോലും അടച്ചിടുകയും ചെയ്തു. മരണപ്പെട്ട മാഹി സ്വദേശി മഹറൂഫും സമ്പർക്കത്തിലൂടെ രോഗം പകർന്ന ആത്മസുഹൃത്തുക്കളും ഒരേ പള്ളിയിലാണ് പ്രാർത്ഥിക്കാറുണ്ടായിരുന്നത്.

മാഹിയിൽ റേഷൻ കാർഡും വോട്ടവകാശവും സ്ഥിരതാമസവും വീടുമുള്ള മഹ്റൂഫ് ചികിത്സ തേടിയത് പരിയാരം മെഡിക്കൽ കോളജിലായതിനാലാണ് മാഹി സ്വദേശിയായിട്ടും മരണം പുതുച്ചേരി സർക്കാർ രേഖയിൽ വരാത്തത് . ഇത് ചിലർ ബോധപൂർവം നടത്തിയ നീക്കങ്ങളുടെ ഭാഗമാണ്. കേരളത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച്ലക്ഷം രൂപ സാമ്പത്തിക സഹായം നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ മഹറൂഫ് എവിടേയും കണക്കിൽ പെടാത്തതിനാൽ യാതൊരു സർക്കാർ പരിഗണനയും ലഭിക്കാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ ഇടയില്ല.

.ലഫ്: ഗവർണ്ണരുടെ ട്വീറ്റിലും മാഹി ആർ.എ. നൽകിയ കണക്കുകളിലും മാഹിയിൽ കൊവിഡ് മരണം സ്ഥിരീകരിച്ചിട്ടേയില്ല. എം എൽ .എ.യെ ഒഴിച്ചു നിർത്തിയാൽ ജനകീയ സ്വഭാവമില്ലാത്ത ഒൻപതംഗ ഉദ്യോഗസ്ഥകമ്മിറ്റിയാണ് മയ്യഴിയിലെ മൊത്തം കൊറോണ നിയന്ത്രണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. സാമൂഹ്യ അടുക്കള ഇല്ലാത്തതിനാൽ ഭക്ഷണം കിട്ടാതെ 510 അന്യ സംസ്ഥാന തൊഴിലാളികളിൽ പകുതി പേരും കേരളത്തിലെ വിവിധ പഞ്ചായത്തുകളിലേക്ക് കടക്കുകയായിരുന്നു. മാഹിയിൽ ക്വാറന്റയിനിൽ കഴിയുന്ന പലർക്കും ഇനിയും ഭക്ഷണ കിറ്റുകൾ പോലും ലഭിച്ചിട്ടില്ല.തൊട്ടടുത്തുള്ള കേരളത്തിൽ കൃത്യമായ ആസൂത്രണത്തോടെ കൊവിഡിനെ നിർമ്മാർജ്ജനം ചെയ്യുമ്പോഴാണ് മാഹിയിലെ ഉദ്യോഗസ്ഥർ കണ്ണടച്ച് ഇരുട്ടാക്കുന്നത്.

മാഹി റീജ്യണൽ അഡ്മിനിസ്‌ട്രേറ്റരുടെ നടപടികൾ അന്വേഷിക്കണം

മാഹി: ചെറുകല്ലായിലെ കന്നും പുറത്ത് മഹറുഫിന്റെ കൊവിഡ് മൂലമുള്ള മരണം സർക്കാർ രേഖകളിൽ നിന്നും മറച്ചുവച്ചതും അതുവഴി മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തിന് ലഭിക്കേണ്ട ആനുകുല്യങ്ങൾ ഇല്ലാതാവുകയും ചെയ്ത സാഹചര്യം അടിയന്തിരമായും അന്വേഷിക്കണമെന്ന് ജനശബ്ദം മാഹി സർക്കാരിനോടാവശ്യപ്പെട്ടു.
ഇത്തരം നടപടി നേരത്തേയും മാഹി റീജ്യണൽ അഡ്മിനിസ്‌ട്രേറ്റർ നടത്തിയിട്ടുണ്ട്.
മാഹിയിൽ ഉംറ കഴിഞ്ഞെത്തിയ സ്ത്രീയുടെ കൊറോണ സ്ഥിരീകരണം ദേശീയ ചാനലുകളടക്കം സംപ്രേക്ഷണം ചെയ്യുകയും പുതുച്ചേരി ആരോഗ്യ വകുപ്പ് ഡയറക്ടറും, കേരള മുഖ്യമന്ത്രിയും വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചിട്ടും പുറത്ത് വിടാതിരുന്നത് വൻ പ്രതിഷേധത്തിന്നിടയാക്കിയിരുന്നു. ഇപ്പോൾ ഇലക്ട്രോണിക് മാദ്ധ്യമങ്ങളിലൂടെ മയ്യഴി കൊവിഡ് വിമുക്ത മേഖലയാണെന്ന് പ്രചരിപ്പിക്കുകയുമാണ്.രാജ്യം അതീവ ജാഗ്രതയോടെ കൊറോണയെ നേരിടുമ്പോൾ, പ്രശ്നങ്ങളെ ലാഘവത്തോടു കൂടി കാണുന്ന നടപടി പ്രതിഷേധാർഹമാണെന്നും, ഇക്കാര്യത്തിൽ സംസ്ഥാന ആരോഗ്യ വകപ്പ് ഉടൻ ഇടപെടണമെന്നും ജനശബ്ദം മാഹി പ്രസിഡന്റ് ചാലക്കര പുരുഷു ആരോഗ്യ മന്ത്രി മല്ലാടി കൃഷ്ണറാവുവിനോട് ആവശ്യപ്പെട്ടു.


വടക്കുമ്പാട് എസ്.എൻ പുരം കതിവന്നൂർ ക്ഷേത്രം ഭാരവാഹികൾ തയ്യാറാക്കിയ പച്ചക്കറി കിറ്റുകൾ ധർമ്മടം സി.ഐ.ശ്രീജിത്ത് കൊടേരി കൈമാറുന്നു.

ഉത്സവം മാറ്റിവച്ച് പച്ചക്കറി കിറ്റുകളെത്തിച്ച് ക്ഷേത്ര ഭാരവാഹികൾ
തലശ്ശേരി:കൊവിഡ് 19 ന്റെ പശ്ചാതലത്തിൽ ഉത്സവം മാറ്റി വെച്ച് പ്രദേശത്തെ വീടുകളിൽ പച്ചക്കറി കിറ്റുകൾ എത്തിച്ച് മാതൃകയാവുകയാണ് ക്ഷേത്രം ഭാരവാഹികൾ. പ്രദേശത്തെ150 ഓളം വീടുകളിലാണ് വടക്കുമ്പാട് എസ്.എൻ പുരത്തെ കതിവന്നൂർ വീരൻ ക്ഷേത്രം ഭാരവാഹികൾ പച്ചക്കറി കിറ്റുകൾ എത്തിച്ചത്.

ഏപ്രിൽ 25 മുതൽ 28 വരെയാണ് കളിയാട്ട ഹോത്സവം നടക്കേണ്ടിയിരുന്നത്. ആ തുക ഉപയോഗിച്ചാണ് പച്ചക്കറി കിറ്റുകൾ വാങ്ങിയത്. ധർമ്മടം സി.ഐ. ശ്രീജിത്ത് കൊടേരി കിറ്റുകൾ കൈമാറി. ക്ഷേത്രം ഭാരവാഹികളായ ആലക്കാടൻ ഷാജി, മാവിലോടൻ പവിത്രൻ, രജീഷ്, സജിത്ത്, പീയൂഷ്, വിജേഷ് എന്നിവർ ചേർന്നാണ് കിറ്റുകൾ ശേഖരിച്ചത്. 500 കിലോയോളം പച്ചക്കറികളാണ് വിതരണം ചെയ്തത്.