കണ്ണൂർ: ലോക്ക് ഡൗണിനെ തുടർന്ന് മാറ്റിവച്ച പരീക്ഷകൾക്ക് തയാറെടുക്കുന്നതിന്റെ ഭാഗമായി തോട്ടട എസ്. എൻ. ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്ളാസുകൾ തുടങ്ങി. എസ്. എസ്. എൽ. സി. വിദ്യാത്ഥികൾക്കായി മാത്സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയിലും പ്ളസ് വൺ വിദ്യാർത്ഥികൾക്കായി ഫിസിക്സ്, കെമിസ്ട്രി എന്നിവയിലും പ്ളസ് ടുവിന് മാത്സ്, കമ്പ്യൂട്ടർ സയൻസ്, ബയോളജി, ബിസിനസ് സ്റ്റഡീസ്, കമ്പ്യൂട്ടർ ആപ്ളിക്കേഷൻ എന്നിവയിലുമാണ് ഓൺലൈൻ ക്ളാസുകൾ ചിട്ടപ്പെടുത്തിയത്. ബാക്കി വിഷയങ്ങളിൽ അടുത്ത ദിവസം പരിശീലനം ആരംഭിക്കും.
ഓരോ വിഭാഗത്തിലും വ്യത്യസ്ത വാട്സ് ആപ് ഗ്രൂപ്പുകളിലായി നേരത്തെ ടൈംടേബിൾ തയാറാക്കി നൽകിയിരുന്നു. ദിവസവും രാവിലെ പത്തു മുതൽ ഒരു മണിക്കൂർ രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തിൽ പരീക്ഷയും നടത്തുന്നുണ്ട്. സംശയ നിവാരണത്തിന് അദ്ധ്യാപകരെ നേരിട്ട് വിളിക്കാനുള്ള സൗകര്യവും നൽകിയിട്ടുണ്ട്.
പി. ടി. എയുടെയും മാനേജ്മെന്റിന്റെയും പൂർണ്ണ സഹകരണത്തോടെ നടത്തുന്ന ഓൺലൈൻ പരിശീലനത്തിൽ കുട്ടികളും രക്ഷിതാക്കളും പൂർണ്ണമായി സഹകരിക്കുന്നുണ്ടെന്ന് പ്രിൻസിപ്പലും ഹെഡ്മിസ്ട്രസും അറിയിച്ചു.