കണ്ണൂർ: കൊവിഡ് -19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ നിരീക്ഷണത്തിനും അന്വേഷണത്തിനുമായി ഫീൽഡിൽ നിയോഗിച്ചത് 2915 പേരെ. രോഗ ചികിത്സയോടൊപ്പമോ അതിലേറെയോ പ്രധാനമാണ് ഫീൽഡ് തലത്തിലുള്ള പ്രവർത്തനങ്ങൾ. പി.എച്ച്.സിയിലെ ഡോക്ടറുടെ നേതൃത്വത്തിൽ ആശാ വർക്കർമാർവരെയുള്ളവർ അടങ്ങിയ ശൃംഖലയാണിത്.
ജില്ലയിൽ 104 പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർമാരുടെ നേതൃത്വത്തിൽ 8 ഹെൽത്ത് സൂപ്പർവൈസർമാർ, 4 പബ്ലിക് ഹെൽത്ത് നഴ്‌സിംഗ് സൂപ്പർവൈസർമാർ, 79 ഹെൽത്ത് ഇൻസ്‌പെക്ടർമാർ, 58 പബ്ലിക് ഹെൽത്ത് നഴ്‌സുമാർ, 294 ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ, 401 ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സുമാർ, 13 ഹെൽത്ത് ബ്ലോക്ക് പി.ആർ.ഒമാർ, 1958 ആശാ വർക്കർമാർ എന്നിവർ ഫീൽഡ്തല പ്രവർത്തനങ്ങൾ ഏറ്റെടുത്തു.
ഇതര രാജ്യങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും എത്തിച്ചേരുന്നവരുടെ വിവരശേഖരണവും അവരെ ക്വാറന്റീനിൽ വയ്ക്കുകയും ദിവസേന അവരെ ബന്ധപ്പെട്ട് ആരോഗ്യാവസ്ഥ അന്വേഷിക്കുകയും ചെയ്യുകയാണ് പ്രധാന ചുമതല. രോഗലക്ഷണങ്ങൾ ഉണ്ടെന്നുതോന്നിയാൽ അവരെ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് എത്തിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കും.
രോഗിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുകയും പ്രൈമറി, സെക്കൻഡറി കോൺടാക്ട് കണ്ടെത്തി ജില്ലാ കൺട്രോൾ സെല്ലിലേക്ക് അയക്കുകയും ഇവർ നിർവഹിച്ചു. ജില്ലയിൽ നാല് കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിലുമായി ഡോക്ടർമാർ മുതൽ നഴ്‌സിംഗ് അസിസ്റ്റന്റ് വരെയുള്ള 616 പേരെയാണ് വിവിധ ഷിഫ്റ്റുകളിലായി ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്. ജില്ലാ ആശുപത്രിയിൽ 90, തലശ്ശേരി ജനറൽ ആശുപത്രിയിൽ 90, ജില്ലാ കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ 156, ഗവ. മെഡിക്കൽ കോളേജിൽ 280 എന്നിങ്ങനെയാണ് ഇവരുടെ കണക്ക്. ഡോ. സി.വി.ടി ഇസ്മയിൽ, ഡോ. കെ.സി അനീഷ്, ഡോ. കെ.എൻ അജിത് കുമാർ, ഡോ. സി അജിത് കുമാർ, ഡോ. സുധീപ് കുമാർ എന്നിവർ ചികിത്സയ്ക്ക് നേതൃത്വം നല്കി. ജില്ലാ കളക്ടർ ടി.വി സുഭാഷിന് പുറമെ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. നാരായണ നായ്ക്, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എം.കെ ഷാജ്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കെ.വി ലതീഷ്, ജില്ലാ നോഡൽ ഓഫീസർ ഡോ. എൻ. അഭിലാഷ് എന്നിവരാണ് നേതൃനിരയിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
ചികിത്സയും അനുബന്ധ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നത്
ഡോ. എം. പ്രീത, ഡോ. ഇ. മോഹനൻ, ഡോ. ബി. സന്തോഷ്, ഡോ. കെ.സി സച്ചിൻ, ഡോ. ജി. അശ്വിൻ, ഡോ. വനതി സുബ്രഹ്മണ്യം, ഡോ. ദീപക് രാജൻ, വി. സുരേശൻ, എ. സുരേന്ദ്രനാഥൻ, ഒ. അഹമ്മദ് കബീർ, ബെന്നി ജോസഫ്, കെ.എൻ അജയ്, അബ്ദുൾ ലത്തീഫ് മഠത്തിൽ, വി.വി മുരളീധരൻ, പി.സുനിൽ ദത്തൻ എന്നിവരാണ് ഈ കോർ ഗ്രൂപ്പിൽ.