കണ്ണൂർ: കെ.എം ഷാജി എം.എൽ.എയ്ക്കെതിരെ വിജിലൻസ് അന്വേഷണ തീരുമാനം രാഷ്ട്രീയ പകപോക്കലാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. അബ്ദുൽ ഖാദർ മൗലവി, ജില്ലാ പ്രസിഡന്റ് പി. കുഞ്ഞിമുഹമ്മദ്, ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീംചേലേരി എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

അഴീക്കോട് ഹൈസ്‌കൂളിൽ പ്ലസ്ടു അനവദിക്കുന്നതുമായി ബന്ധപ്പെട്ട് കെ.എം ഷാജി കൈക്കൂലി വാങ്ങി എന്നത് സംബന്ധിച്ച ഒരു പരാതിയും ജില്ലാ കമ്മിറ്റിക്ക് മുമ്പാകെ വരികയോ ഉത്തരവാദപ്പെട്ട ഒരു നേതാവും അത്തരമൊരു കാര്യത്തിൽ ഇടപെടുകയോ ഉണ്ടായിട്ടില്ല.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതായി ബോധ്യപ്പെട്ടതിനെ തുടർന്ന് മുൻ പഞ്ചായത്ത് ലീഗ് വൈസ് പ്രസിഡന്റ് നൗഷാദ് പൂതപ്പാറയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. അദ്ദേഹത്തെ കരുവാക്കി പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ അടിസ്ഥാന രഹിതമായ ആരോപണം ഉയർത്തി കൊണ്ടുവരികയും മുഖ്യമന്ത്രിയെ വിമർശിച്ചതിന്റെ പേരിൽ ഷാജിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടുകയുമാണുണ്ടായിട്ടുള്ളത്. രാഷ്ട്രീയ പ്രേരിതമായ ഈ നീക്കം ജനം പുച്ഛിച്ചു തള്ളുമെന്നും നേതാക്കൾ പറഞ്ഞു.