തിരുവനന്തപുരം: കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ കൊവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ നിർദേശം നൽകി. മണ്ഡലത്തിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായുള്ള വീഡിയോ കോൺഫറൻസിലാണ് മന്ത്രി നിർദേശം നൽകിയത്.

രോഗികളുടെ എണ്ണം കൂടുന്നതിനാലും ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മണ്ഡലത്തിലെ അവലോകന യോഗം മന്ത്രി വിളിച്ചു ചേർത്തത്. പ്രശ്‌നബാധിത പഞ്ചായത്തുകൾ ഓരോന്നും വെവ്വേറെയാണ് അവലോകനം ചെയ്തത്. ആശുപത്രികളിലെ മരുന്നുകളുടെയും അവശ്യ സാധനങ്ങളുടെയും ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്.

ജില്ലാ കളക്ടർ ടി.വി. സുഭാഷ്, സബ് കളക്ടർ ആസിഫ് കെ. യൂസഫ്, മന്ത്രിയുടെ മണ്ഡലം പ്രതിനിധി എം. സുരേന്ദ്രൻ മുൻസിപ്പൽ ചെയർമാൻമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ പ്രോഗ്രാം മാനേജർ, മണ്ഡലത്തിലെ ജനപ്രതിനിധികൾ, കുടുംബ ആരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കൽ ഓഫീസർ, ആശുപത്രി ജീവനക്കാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.