കാസർകോട്: ചെർക്കളയിലെ അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ ആരോഗ്യ പരിശോധന നടത്തി. പനി, തൊണ്ട വേദന, ചുമ, രോഗ ലക്ഷണങ്ങൾ കണ്ടെത്തിയ രണ്ട് പേരെ സ്രവ പരിശോധനയ്ക്കായി കാസർകോട് ജനറൽ ആശുപത്രിയിലേക്ക് അയച്ചു.
കൊവിഡ് സമൂഹ വ്യാപന സാധ്യത കണ്ടെത്തുന്നതിനായി ഗ്രാമപഞ്ചായത്തിലെ കൊവിഡ് പൊസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത വിവിധ വാർഡുകളിൽ ആരോഗ്യ വകുപ്പിന്റെ സർവ്വേ തുടരുകയാണ്. 650 ഓളം വീടുകളിൽ ഇതുവരെയായി സർവ്വേ പൂർത്തിയായി. 37 പേരെ കോവിഡ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഫലം ലഭിക്കുന്ന മുറയ്ക്ക് തുടർ നടപടികൾ ആരംഭിക്കും. ചെങ്കള മെഡിക്കൽ ഓഫീസർ ഡോ. ഷമീമ തൻവീർ, ഹെൽത്ത് ഇൻസ്‌പെക്ടർ ബി. അഷ്‌റഫ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ കെ.എസ് രാജേഷ്, ആസിഫ് എന്നിവർ നേതൃത്വം നൽകി.