electricity-power-grid

കണ്ണൂർ : വൈദ്യുതി മേഖല സ്വകാര്യവത്കരിക്കുന്നതിന്റെ ആദ്യ ഘട്ടമായി ഇന്ത്യയൊട്ടാകെ വൈദ്യുതി വിതരണം ചെയ്യാനുള്ള അവകാശം വൻകിട സ്വകാര്യ കമ്പനികൾക്കും ഫ്രാഞ്ചൈസികൾക്കും മാത്രമായി പരിമിതപ്പെടുത്തുന്നു.

കേന്ദ്രസർക്കാർ കൊണ്ടുവരുന്ന വൈദ്യുതി ഭേദഗതി ബില്ലിലാണ് ഈ വ്യവസ്ഥ. ബിൽ നിയമമാകുന്നതോടെ സബ്സിഡി ക്രമേണ ഇല്ലാതാവും. ഗാർഹിക, കാർഷിക ഉപഭോക്താക്കളുടെ വൈദ്യുതി ബില്ലിൽ വൻ വർദ്ധനയാവും ഫലം. കേരളത്തിൽ ഇതു ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും.ബില്ലിന്റെ കരട് കേന്ദ്ര ഊർജമന്ത്രാലയം ഇന്നലെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. എല്ലാ സംസ്ഥാനങ്ങളോടും റഗുലേറ്ററി കമ്മിഷനോടും അഭിപ്രായം ആരാഞ്ഞശേഷം കരട് ബിൽ ഊർജസ്റ്റാൻഡിംഗ് കമ്മിറ്റി പരിശോധിക്കും. അതിന് ശേഷം ലോക് സഭയിൽ അവതരിപ്പിക്കും. ബിൽ നിയമമാകുന്നതോടെ സംസ്ഥാനങ്ങൾക്ക് വൈദ്യുതി മേഖലയിൽ ഇടപെടാനുള്ള സാദ്ധ്യത തന്നെ ഇല്ലാതാകും.

സബ്‌സിഡി നിലയ്ക്കും

സംസ്ഥാന റഗുലേറ്ററി കമ്മിഷനുകളാണ് വൈദ്യുതി നിരക്കും മറ്റും തീരുമാനിക്കുന്നത്. കമ്മിഷൻ അംഗങ്ങളെ നിയമിക്കുന്നത് സംസ്ഥാനങ്ങളാണ്. അതു കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലാവും. നിലവിൽ സംസ്ഥാന സർക്കാരുകൾ സബ്സിഡി നൽകി വൈദ്യുതി നിരക്ക് പിടിച്ചു നിറുത്തുന്നുണ്ട്. പുതിയ നിയമം വരുമ്പോൾ വൈദ്യുതി നിരക്കിന് സബ്സിഡിയുമായി ബന്ധമുണ്ടാകില്ല. ഇതു സബ്സിഡി ലഭിക്കുന്ന അവശവിഭാഗങ്ങളുടെ വൈദ്യുതി നിരക്ക് സാധാരണനിരക്കിലേക്ക് ഉയർത്തും.

സ്വകാര്യവത്കരണം ഇങ്ങനെ

@ വിതരണത്തിന് ഫ്രാഞ്ചൈസികളും സബ് ലൈസൻസികളും

@ ഇവർക്ക് റഗുലേറ്ററി കമ്മിഷന്റെ ലൈസൻസ് എടുക്കേണ്ട

@ ഇഷ്ടമുള്ള ആരെയും വിതരണം ഏൽപ്പിക്കാം

@ പ്രസരണ,​ വിതരണ ലൈനുകളുടെ ശൃംഖല ഫ്രാഞ്ചൈസികളുടെ കൈയിലാവും

@ പുതിയ ലൈൻ സ്ഥാപിക്കുന്നതും മെയിന്റനൻസും അവരുടെ ചുമതലയിലാവും

@ ഉത്പാദിപ്പിക്കുന്ന വൈദ്യുതി സ്വകാര്യ ഫ്രാഞ്ചൈസികൾക്ക് വിൽക്കും

@ പ്രസരണവും വിതരണവും ഫ്രാഞ്ചൈസികൾ നിർവഹിക്കും

@ വൈദ്യുതി നിരക്കും അവർ തീരുമാനിക്കുന്ന സ്ഥിതി വരും

ഇരുട്ടടി ഗാർഹിക ഉപഭോക്താക്കൾക്ക്

വൈദ്യുതി നിരക്ക് ദേശീയ താരിഫ് നയത്തിന്റെ അടിസ്ഥാനത്തിലേ നിശ്ചയിക്കാൻ കഴിയൂ. കേരളത്തിലെ 1.8 കോടി ഗാർഹിക ഉപഭോക്താക്കളിൽ 80 ശതമാനത്തിന്റെയും വൈദ്യുതി നിരക്ക് കൂട്ടാൻ ഇതു കാരണമാകും.

സബ്സിഡി ഇല്ലാതാകുമ്പോൾ കർഷകരുടെ വൈദ്യുതി നിരക്കും കൂടും. അതോടെ കാർഷിക ചെലവ് വൻതോതിൽ വർദ്ധിക്കും. ലാഭമില്ലാതെ കർഷകരുടെ നടുവൊടിയും.


''വൈദ്യുതി നയം സാധാരണക്കാരുടെ ബാദ്ധ്യത വർദ്ധിപ്പിക്കുന്നതാണ്. രാജ്യം ദുരന്തമുഖത്ത് നിൽക്കുമ്പോൾ ഈ നിയമഭേദഗതിയുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്നത് നീതീകരിക്കാനാവില്ല. ശക്തമായ ജനകീയ പ്രക്ഷോഭം ഉയർന്നുവരും.''

- പി. വി. ലതീഷ്,

ജനറൽ സെക്രട്ടറി

കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ

'' സംസ്ഥാനങ്ങളിലെ വൈദ്യുതി വിതരണ ഏജൻസികളെ സ്വകാര്യവൽക്കരിക്കുകയും സ്വകാര്യ വൈദ്യുതി ഉൽപ്പാദകർക്ക് സാമ്പത്തിക നേട്ടം ഉണ്ടാക്കുകയുമാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.ഫ്രാഞ്ചൈസികൾക്കും അവരുടെ സബ് ലൈസൻസികൾക്കും റഗുലേറ്ററി കമ്മിഷന്റെ ലൈസൻസ് ഒഴിവാക്കിയത് സർക്കാരിന്റെ ഉദ്ദേശ്യം വ്യക്തമാക്കുന്നു. ഭേദഗതി നിയമം വരുന്നതോടെ വൈദ്യുതി നിരക്ക് കുത്തനെ ഉയരും.''

- വി. കെ. ഗുപ്ത

ആൾ ഇന്ത്യ പവർ എൻജിനിയേഴ്സ് അസോസിയേഷൻ നേതാവ്.