കണ്ണൂർ (പരിയാരം) : കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന 60 ജീവനക്കാർ ആദ്യഘട്ട ഡ്യൂട്ടിക്കുശേഷം ഇന്നലെ രാവിലെ ആശുപത്രിയുടെ പടിയിറങ്ങി. കൊവിഡ് അസുഖബാധിതരെ രോഗമുക്തമാക്കുന്നതിനും ആശുപത്രിയിലെത്തുന്ന മറ്റ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കൊവിഡ് പകരാതിരിക്കാനും യത്‌നിച്ച ഡോക്ടർമാർ, നേഴ്‌സിംഗ് ജീവനക്കാർ, ക്ലീനിംഗ് ജീവനക്കാർ, ട്രോളി ജീവനക്കാർ എന്നിവർക്കാണ് ആദ്യഘട്ട ഡ്യൂട്ടിക്ക് ശേഷം സാമൂഹിക അകലം പാലിച്ചുകൊണ്ടുതന്നെ സമുചിതമായ യാത്രയയപ്പ് നൽകിയത്. സർക്കാർ നിർദ്ദേശം പാലിച്ച് ഇനി 14 ദിവസത്തേക്ക് ഇവർ ക്വാറന്റൈനിലായിരിക്കും. ജില്ലാകളക്ടറുടെ ഉത്തരവനുസരിച്ച് ഏറ്റെടുത്ത് ആശുപത്രി സൂപ്രണ്ടിന് കൈമാറിയ ലോഡ്ജുകളിലാണ് ഇവരെ പാർപ്പിക്കുന്നത്.
ഡ്യൂട്ടി കഴിഞ്ഞ് ക്വാറന്റൈനിലേക്ക് പോകുന്ന ജീവനക്കാർക്ക് സെക്യൂരിറ്റി ജീവനക്കാരുടെ നേതൃത്വത്തിൽ സല്യൂട്ട് നൽകി. പ്രിൻസിപ്പൽ ഡോ. എൻ. റോയ്, മെഡിക്കൽ സൂപ്രണ്ട് ഡോ.കെ. സുദീപ്, വൈസ് പ്രിൻസിപ്പൽ ഡോ. എസ്. രാജീവ്, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. ഡി .കെ. മനോജ്, പീഡ്‌സെൽ കോ-ഓഡിനേറ്റർ ഡോ. എ .കെ. ജയശ്രീ, എ.ആർ.എം.ഒ ഡോ. കെ. പി. മനോജ് കുമാർ, കൊവിഡ് സെൽ മെഡിക്കൽ ഓഫീസർ ഡോ. അരുൺ പരമേശ്വരൻ, ഡോ. ഗണേഷ് ബി. മല്ലാർ, നേഴ്‌സിംഗ് സൂപ്രണ്ട് റോസമ്മ സണ്ണി തുടങ്ങിയവരുടെ നേതൃത്വത്തിൽ കൈയടിച്ചും ഹർഷാരവം മുഴക്കിയുമാണ് ഇവരെ യാത്രയാക്കിയത്.

ഇറങ്ങുന്നത് ചരിത്രത്തിന് സാക്ഷിയായി
ഇവർ ഡ്യൂട്ടിയിലുണ്ടായിരുന്ന വേളയിലാണ് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശൂപത്രിയിൽ ചികിത്സയിലാരുന്ന 19 കൊവിഡ് പോസിറ്റീവ് രോഗികൾ അസുഖം ഭേദമായി ഡിസ്ചാർജ്ജ് ചെയ്യപ്പെട്ടത്. ഇതിൽ 4 ഗർഭിണികളും, ഒരു വയസ്സും 10 മാസവും പ്രയമുള്ള കുട്ടിയും രണ്ട് വയസ് പ്രായവുമുള്ള കുട്ടിയും ഉൾപ്പെടും. കേരളത്തിലാദ്യമായി ഗർഭിണി കോവിഡ് രോഗം ഭേദമായി പ്രസവിച്ചത് പരിയാരത്തായിരുന്നു . നിലവിൽ കൊവിഡ് പോസിറ്റീവായ രണ്ട് ഗർഭിണികൾ ആശുപത്രിയിൽ ചികിത്സയിലുമുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ കൊറോണ പോസിറ്റീവ് ഗർഭിണികൾ ചികിത്സ തേടിയതും അസുഖം ഭേദമായതും പരിയാരത്താണ്. ഇന്ത്യയിൽ തന്നെ ആദ്യമായി രണ്ടുവയസ്സിനോടടുത്ത് പ്രായമുള്ള ഒരു കുട്ടിക്ക് കൊവിഡ് ഭേദമാക്കിയതും ഇവിടെയാണ്.

ബൈറ്റ്

കണ്ണൂർ ഗവ.. മെഡിക്കൽ കോളേജ്

കൊവിഡ് രോഗികൾക്ക് പ്രത്യേക റൂം സൗകര്യമുൾപ്പടെയുള്ള വിദഗ്ദ ചികിത്സയാണ് പരിയാരത്ത് ഒരുക്കിയിട്ടുള്ളത്.. കൊവിഡ് അല്ലാത്ത അടിയന്തര സാഹചര്യത്തിൽ ചികിത്സ വേണ്ടുന്ന രോഗികൾക്കും സുര ക്ഷാ സൗകര്യത്തോടെ ചികിത്സയ്ക്കുള്ള സൗകര്യം ആശുപത്രിയിലുണ്ട്-ഡോ. എൻ.. റോയ്,പ്രിൻസിപ്പൽ കണ്ണൂർ മെഡിക്കൽ കോളേജ്