കൂത്തുപറമ്പ്:ലോകത്ത് നാശം വിതച്ച് കൊണ്ടിരിക്കുന്ന കൊവിഡ് വൈറസിനെ പിടിച്ചുകെട്ടിയ കേരളത്തിന് പൊലീസിന്റെയും കലാകാരന്മാരുടെയും ബിഗ് സല്യൂട്ട്. കൂത്തുപറമ്പ് ടൗണിന്റെ ഹൃദയഭാഗത്ത് 110 അടിയോളം വലുപ്പത്തിലുള്ള കൊവിഡ് ബന്ധന ചിത്രമാണ് പൊലീസും ഒരു കൂട്ടം കലാകാരന്മാരും ചേർന്ന് വരച്ചിട്ടുള്ളത്.മനുഷ്യരാശിക്കുമേൽ നാശം വിതച്ച് കൊണ്ടിരിക്കുന്ന കൊവിഡ് 19 ന്റെ ഭീകരമുഖം വെളിവാക്കുന്ന വിധത്തിലാണ് കൂത്തുപറമ്പ് ടൗണിൽ കൂറ്റൻ കൊവിഡ് ബന്ധന ചിത്രം വരച്ചിട്ടുള്ളത്.

ഇതര രാജ്യങ്ങൾക്കൊപ്പം കേരളത്തിലും സംഹാര താണ്ഡവമാടാനെത്തിയ കൊവിഡിനെ മലയാളികളൊന്നാകെ ച്ചേർന്ന് പിടിച്ചുകെട്ടിയതാണ് ചിത്രത്തിന്റെ ഇതിവൃത്തം. കൊവിഡിനെ തുരത്താൻ മുന്നിൽ നിന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർ, പൊലീസ് സേനാംഗങ്ങൾ, ഫയർഫോഴ്സ് അംഗങ്ങൾ, ത്രിതല പഞ്ചായത്ത് സംവിധാനം, സന്നദ്ധവളണ്ടിയർമാർ, മാദ്ധ്യമ പ്രവർത്തകർ, എന്നിവരെയെല്ലാം ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന്റെ ഭൂപടത്തിന്റെ ആകൃതിയിൽ വരച്ച ചിത്രത്തിൽ 14 ജില്ലകളിലുമെത്തിയ കൊവിഡിന്റെ സാന്നിധ്യവും, സ്വീകരിച്ച പ്രതിരോധ നടപടികളും പ്രതിപാതിക്കുന്നുണ്ട്. കൂത്തുപറമ്പ് ടൗണിന്റെ ഹൃദയഭാഗത്ത് ടൗൺ സ്വയറിന് സമീപത്തെ മെയിൻ റോഡാണ് കാൻവാസായി തിരഞ്ഞെടുത്തിട്ടുള്ളത്.110 അടി നീളത്തിൽ രാത്രികാലങ്ങളിൽ വരയ്ക്കുന്ന ചിത്രം പെയിന്റടിച്ച് ആകർഷകമാക്കും. പൊലീസുകാരുൾപ്പെടെ പത്തോളം കലാകാരമാർ ചേർന്ന് നാല് ദിവസം കൊണ്ട് വരക്കുന്ന ചിത്രം ഇന്ന് പുലർച്ചയോടെ പൂർത്തിയാകും. കൂത്തുപറമ്പ് പ്രിൻസിപ്പൽ എസ്.ഐ. പി.ബിജുവിന്റെ ആശയത്തിന് അജേഷ് മാലൂരിന്റെ നേതൃത്വത്തിലുള്ള കലാകാരന്മാരാണ് വർണ്ണം നൽകിയത്. കൂത്തുപറമ്പ് സി.ഐ.എം.പി. ആസാദ്, അഡീഷണൽ എസ്.ഐ.മാരായ സി.അനിൽകുമാർ, കെ.എ.സുധി എന്നിവർ കലാകാരന്മാർക്ക് ആവശ്യമായ സഹായവുമായി രംഗത്ത് ഉണ്ടയിരുന്നു. ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് 19 സ്ഥിരികരിച്ച സാഹചര്യത്തിലാണ് കൂത്തുപറമ്പിൽ ചിത്രം ഒരുക്കിയിട്ടുള്ളത്. എന്നാൽ കൂത്തുപറമ്പ് മേഖലയിൽ റെഡ് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ചിത്രം കാണുന്നതിന് ഇനിയും ദിവസങ്ങൾ കാത്തിരിക്കേണ്ടി വന്നേക്കും.

(ജവീീേ കൂത്തുപറമ്പ് ടൗണിൽ വരച്ച കൊവിഡ് ചിത്രം)