k-m-shaji

കണ്ണൂർ: അഴീക്കോട് സ്കൂളിൽ ഹയർ സെക്കൻഡറി കോഴ്സ് അനുവദിക്കാൻ കെ.എം. ഷാജി എം.എൽ.എ 25 ലക്ഷം രൂപ കോഴ വാങ്ങിയതിന് പ്രാഥമികാന്വേഷണത്തിൽ തെളിവ് ലഭിച്ചെന്നും കൂടുതൽ അന്വേഷണം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി തലശ്ശേരി വിജിലൻസ് കോടതിയിൽ അന്വേഷണോദ്യോഗസ്ഥൻ ഡിവൈ.എസ്.പി വി. മധുസൂദനൻ എഫ്.ഐ.ആർ സമർപ്പിച്ചു. സ്‌കൂൾ മാനേജ്മെന്റിന്റെ വരവ് - ചെലവ് കണക്കുകൾ പരിശോധിച്ചതിൽ നിന്നും സാക്ഷി മൊഴികളിൽ നിന്നും ഇക്കാര്യം വ്യക്തമായെന്ന് എഫ്.ഐ.ആറിൽ പറയുന്നു.

ഷാജിക്കെതിരെ കേസെടുത്ത് അന്വേഷണത്തിന് അനുമതി നല്കിയുള്ള സർക്കാർ ഉത്തരവ് ഇന്നലെ കണ്ണൂർ വിജിലൻസ് ഓഫീസിൽ ലഭിച്ചതോടെ അന്വേഷണം തുടങ്ങി. ഷാജി ഉൾപ്പെടെ നിരവധി പേരെ ചോദ്യം ചെയ്യേണ്ടതുണ്ട്. ലോക്ക് ഡൗണിന് ശേഷമേ സജീവമായ അന്വേഷണമുണ്ടാകൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വി. മധുസൂദനൻ വ്യക്തമാക്കി. വിജിലൻസിലെ പല ഉദ്യോഗസ്ഥരും ലോക്ക് ഡൗൺ ഡ്യൂട്ടിയിലാണിപ്പോൾ. 2014ലാണ് സ്കൂളിന് ഹയർ സെക്കൻഡറി വിഭാഗം അനുവദിച്ചത്. ഇതിന്റെ പേരിൽ കെ.എം. ഷാജി പണം കൈപ്പറ്റിയതായി മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്ന നൗഷാദ് പൂതപ്പാറയാണ് ആദ്യം ആരോപണം ഉന്നയിച്ചത്. നൗഷാദ് പാർട്ടി നേതൃത്വത്തിന് ഇതുസംബന്ധിച്ച് നല്കിയ പരാതിയുടെ പകർപ്പ് സഹിതം സി.പി.എം നേതാവും കണ്ണൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡ‌ന്റുമായ കുടുവൻ പത്മനാഭൻ 2017ൽ വിജിലൻസിൽ പരാതി നല്കി.