കണ്ണൂർ: വിദേശ മലയാളികൾ നാട്ടിലേക്ക് തിരിച്ചെത്താനുള്ള സാധ്യത മുന്നിൽക്കണ്ട് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ച് കൊറോണ കെയർ സെന്ററുകൾ ഒരുക്കണമെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു. കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ നടക്കുന്ന പ്രവർത്തനങ്ങൾ വിലയിരുത്തി സംസാരിക്കുകയായിരുന്നു മന്ത്രി. ഗൾഫ് നാടുകളിൽ നിന്നുൾപ്പെടെ കൂടുതൽ പേർ തിരികെയെത്താനിടയുണ്ടെന്നും അതിനാവശ്യമായ രീതിയിലുള്ള മുന്നൊരുക്കങ്ങൾ കാലേക്കൂട്ടി നടത്തണമെന്നും മന്ത്രി പറഞ്ഞു.
ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിക്കപ്പെടുന്നതിന് അനുസരിച്ച് ജില്ലയിലെ പാതിവഴിയിൽ നിലച്ചുപോയ റോഡുകളുടെ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യണം. കെട്ടിട നിർമാണ രംഗത്തും പ്രവർത്തികൾ പുനരാരംഭിക്കണം. അതേസമയം, നിയന്ത്രണങ്ങൾക്ക് വിധേയമായി മാത്രമേ പ്രവൃത്തികൾ നടത്താവൂ. അതിഥി തൊഴിലാളികൾക്ക് ഇതുവഴി തൊഴിൽ നൽകുന്ന കാര്യം ആലോചിക്കണമെന്നും മന്ത്രി പറഞ്ഞു.
വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നവരുടെ ഭാഗത്തുനിന്ന് ജാഗ്രതക്കുറവ് ഉണ്ടാവുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രി പറഞ്ഞു. 14 ദിവസത്തിനു ശേഷം ചിലർ നിയന്ത്രണങ്ങളിൽ അയവ് വരുത്തുന്നുണ്ടോ എന്ന കാര്യം പരിശോധിക്കണം. 28 ദിവസം കൃത്യമായി ഐസൊലേഷൻ വ്യവസ്ഥകൾ പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ കളക്ടർ ടി.വി സുഭാഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, മേയർ സുമ ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, അഡീഷനൽ എസ്.പി പ്രജീഷ് തോട്ടത്തിൽ, സബ് കളക്ടർമാരായ ആസിഫ് കെ. യൂസഫ്, എസ്. ഇലാക്യ, എ.ഡി.എം ഇ.പി മേഴ്സി, ഡി.എം.ഒ ഡോ. കെ. നാരായണ നായിക് തുടങ്ങിയവർ പങ്കെടുത്തു.