കണ്ണൂർ: ലോക്ക് ഡൗണിനെ തുടർന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അകപ്പെട്ട് കപ്പൽ തൊഴിലാളികളും .ജില്ലയിലെ രണ്ടായിരത്തോളം വരുന്ന കപ്പൽ ജീവനക്കാരാണ് കുടുംബവുമായുള്ള ബന്ധം പോലും നഷ്ടപ്പെട്ട് കപ്പലുകളിൽ അകപ്പെട്ടിരിക്കുന്നത് .സംസ്ഥാനത്ത് 40,000 ൽ അധികം വരുന്ന കപ്പൽ തൊഴിലാളികളിൽ 12,000 ത്തിന് അടുത്ത് തൊഴിലാളികൾ ഇപ്പോഴും കപ്പലിൽ തന്നെ തുടരുകയാണ്. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം മൂന്ന് ഘട്ടങ്ങളായി തൊഴിലാളികളെ നാട്ടിലെത്തിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതു വരെ നടപടിയൊന്നുമുണ്ടായിട്ടില്ല.
ഒമ്പതും പത്തും മാസമായിട്ടും നാട്ടിലെത്താൻ സാധിക്കാതെ കപ്പലിൽ തന്നെ തുടരുകയാണ് പലരും. യൂറോപ്പ്, ഇംഗ്ലണ്ട്, സൗത്ത്അമേരിക്ക ,ഇംഗ്ലണ്ട് എന്നിവിടങ്ങളിലെല്ലാം നിരവധി മലയാളികൾ കപ്പലിൽ പെട്ടു പോയിട്ടുണ്ടെന്നാണ് ഓൾ കേരള സീമെൻസ് അസോസിയേഷനുമായി ബന്ധപ്പെട്ടവർ പറയുന്നത്.നിലവിൽ കപ്പലിൽ സ്റ്റോക്ക് ചെയ്തിരിക്കുന്ന ഭക്ഷണ സാധനങ്ങൾ തീർന്നു പോയാൽ പിന്നീട് എന്തു ചെയ്യുമെന്നതിനെ കുറിച്ചുള്ള ആശങ്കയും കപ്പലിലുള്ളവർ പങ്കുവച്ചതായി ഭാരവാഹികൾ പറഞ്ഞു. ആവശ്യമായ മരുന്ന് ലഭിക്കാതെ വരുന്നതും ഇവരെ അലട്ടുന്നുണ്ട്.
നിലവിൽ എല്ലാ കപ്പലുകളിലും മെഡിക്കൽ ഓഫീസർമാരുണ്ടെങ്കിലും ആർക്കെങ്കിലും പ്രത്യേക രോഗലക്ഷണങ്ങൾ ഉണ്ടായാൽ പ്രാഥമിക പരിശോധന മാത്രമേ സാധ്യമാകു.കൊവിഡ് ബാധയേറെയുള്ള രാജ്യങ്ങളിലെ തീരങ്ങളിലൊന്നും കപ്പലുകൾ അടുപ്പിക്കാതെ പുറം കടലിൽ നങ്കൂരമിട്ട് നിർത്തണമെന്നും സംഘടന ആവശ്യപ്പെടുന്നു.
സർക്കാരുകളും തിരിഞ്ഞ് നോക്കുന്നില്ല
കപ്പൽ ജീവനക്കാരെ തിരിച്ച് നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും കപ്പലിൽ ജോലി ചെയ്യുന്ന എല്ലാ ഇന്ത്യക്കാർക്കും ഇൻകം ടാക്സ് ആനുകൂല്യം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് സംഘടന കേന്ദ്ര സർക്കാരിന് നിവേദനം നൽകിയിട്ടുണ്ട്. പക്ഷെ കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നും പ്രത്യേക നിർദേശങ്ങൾ ഇത് സംബന്ധിച്ച് ഇത് വരെ ലഭിച്ചിട്ടില്ല. അവശരായ അറുപത് വയസ് കഴിഞ്ഞ കപ്പൽ ജീവനക്കാരുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കാൻ ഈ സമയത്തെങ്കിലും സംസ്ഥാന സർക്കാർ മുൻകയ്യെടുക്കണമെന്ന് ഓൾ കേരള സീമെൻസ് അസോസിയേഷൻ ആവശ്യപ്പെട്ടു.
ബൈറ്റ്
വലിയ പ്രതിസന്ധിയിലാണ് കപ്പൽ തൊഴിലാളികൾ. ഫോണിലൂടെ ബന്ധപ്പെട്ട തൊഴിലാളികളെല്ലാം ആശങ്കയിലാണ്. ആ വ ശ്യത്തിന്ഭക്ഷണവും മരുന്നും ലഭിക്കാത്ത അവസ്ഥ പലരും പങ്ക് വച്ചു. ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടിയുണ്ടാകണം -സലീം പറമ്പത്ത് ,സംസ്ഥാന സെക്രട്ടറി, ഓൾ കേരള സീമെൻസ് അസോസിയേഷൻ
സംസ്ഥാനത്ത് കപ്പൽതൊഴിലാളികൾ 40,000
ഇപ്പോഴും കപ്പലിൽ തുടരുന്നത് 12,000