കാസർകോട്: മയക്കുമരുന്ന് കടത്ത് കേസിലെ പ്രതിക്ക് കൊവിഡ് കാലം പരിഗണിച്ചു വീഡിയോ കോൺഫറൻസിലൂടെ കോടതി ജാമ്യം അനുവദിച്ചു. മംഗളൂരുവിൽ നിന്നും കാസർകോട്ടേക്ക് വിൽപനക്ക് കൊണ്ടുവന്ന മയക്കുഗുളികകളുമായി പിടിയിലായ പുലിക്കുന്നിന് സമീപത്തെ റസാഖ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന അബ്ദുൽ ഹമീദ് സുഫാസി (22)നാണ് കാസർകോട് ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്.
2020 മാർച്ച് 12ന് കാസർകോട് എസ് .ഐ ഷെയ്ഖ് അബ്ദുർ റസാഖിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് യുവാവിനെ മയക്കുഗുളികകളുമായി പിടികൂടിയത്. കറന്തക്കാട് നിന്നും അണങ്കൂരിലേക്ക് സ്‌കൂട്ടറിൽ പോവുകയായിരുന്ന അബ്ദുൽ ഹമീദിൽ നിന്ന് എം. ഡി .എം. എ വിഭാഗത്തിൽപെടുന്ന ഇ .സി .എസ് ടി .എ .സി .വൈ ഗുളികകളാണ് കണ്ടെത്തിയത്. ഗുളികകൾ മംഗളൂരുവിൽ നിന്ന് വിൽപ്പനക്ക് കൊണ്ടുവന്നതാണെന്ന് ഈയാൾ വെളിപ്പെടുത്തിയിരുന്നു. 2.740 ഗ്രാം മയക്കുഗുളികകളാണ് അബ്ദുൽ ഹമീദിന്റെ കൈവശമുണ്ടായിരുന്നത്. അഡ്വ. പ്രദീപ് റാവു മേപ്പഡു നൽകിയ ജാമ്യഹർജി പരിഗണിച്ചാണ് ജില്ലാ സെഷൻസ് കോടതിയുടെ കൂടി ചുമതല വഹിക്കുന്ന അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ജാമ്യം നൽകാൻ ഉത്തരവിട്ടത്. പ്രതിയുടെ അഭിഭാഷകന്റെയും ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടറുടെയും വാദമുഖങ്ങൾ വീഡിയോ കോൺഫറൻസിലൂടെ കേട്ട കോടതി കാസർകോട് സബ് ജയിലിൽ കഴിയുന്ന പ്രതിക്ക് ജാമ്യം നൽകാൻ ഉത്തരവിടുകയായിരുന്നു.