മാഹി: കൊവിഡ് സ്ഥിരികരിച്ച അഴിയൂരിലെ രോഗിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. 31കാരനായ വ്യക്തിക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ കോഴിക്കോട് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 19 ആയി. 13 ന് അഴിയൂരിൽ കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ കൂടെ പച്ചക്കറി കടയിൽ സഹായിയായി ജോലി ചെയ്യുന്ന ആളാണ് ഇദ്ദേഹം.
പതിവായി രണ്ടുപേരും ഒരുമിച്ച് ഒരേ വാഹനത്തിലാണ് ജോലി ചെയ്യുന്ന കടയിലേക്ക് പോയിരുന്നത്. ഏപ്രിൽ ഏഴ് വരെ ഇരുവരും ഇവിടെ ജോലിക്ക് പോയിരുന്നു. കോവിഡ് സ്ഥിരീകരിച്ച വ്യക്തി ദിവസവും രാത്രി ഭക്ഷണത്തിനുശേഷം മാഹി റെയിൽവേ സ്റ്റേഷനടുത്തുള്ള മൊഹിദീൻ ജുമാ മസ്ജിദിൽ പ്രാർത്ഥനയ്ക്കായി പോവാറുണ്ട്. അവിടെ നിന്ന് അടുത്തുള്ള ബന്ധുവിന്റെ വീട്ടിലും മിക്കവാറും ദിവസങ്ങളിൽ പോകാറുണ്ട്. ഇവിടെയുള്ള ആളുകളെ കണ്ടെത്തി ഇതിനകംതന്നെ ഐസോലേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ഏപ്രിൽ 13ന് ഇദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്യുന്ന ആൾക്ക് കോവിഡ് 19 പോസിറ്റീവ് സ്വീകരിച്ചതിനെത്തുടർന്ന് 14ന് ഉച്ചയോടെ ഇദ്ദേഹത്തെ ഐസോലേഷനിലേക്ക് മാറ്റിയിരുന്നു.
ഇദ്ദേഹവുമായി നേരിട്ട് ഇടപഴകിയ കുടുംബാംഗങ്ങളെയും അറിവിലുള്ള വ്യക്തികളെയും ക്വാറന്റയിനിലേക്ക് മാറ്റിയിട്ടുണ്ട്. അഴിയൂരിലുള്ള വീട്ടിൽ നിന്ന് ന്യുമാഹിയിലുള്ള കടയിലേക്കും തിരികെയും കൂടെ ജോലി ചെയ്യുന്ന ആളുടെ വാഹനത്തിലാണ് ദിവസേന യാത്ര ചെയ്തിരുന്നെങ്കിലും അധികം ആളുകളുമായി ഇദ്ദേഹം സമ്പർക്കം പുലർത്തിയിരുന്നില്ല.