രാജപുരം: ശുചീകരണ തൊഴിലിനെത്തിയ പട്ടികവർഗ യുവതിയെ പീഡിപ്പിച്ച കേസിൽ പൊലീസിന് പിടികൊടുക്കാതെ ഒളിവിൽ കഴിയുകയായിരുന്ന കോൺഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റിലായി. കോൺഗ്രസ് മുൻ കോടോംബേളൂർ മണ്ഡലം ഭാരവാഹി ഒടയംചാൽ ആലടുക്കത്തെ ഒ.സി. ജോസ് എന്ന മരോട്ടികുഴിയിൽ ജോസഫിനെ (62) കാസർകോട് എസ് എം എസ് ഡിവൈ. എസ്. പി ഹരിചന്ദ്ര നായകിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. മാർച്ച് 13 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ വീടിന് സമീപത്തെ ബന്ധുവീട്ടിൽ ജോലിക്കെത്തിയ സമയം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ എസ് ടി പ്രമോട്ടർ നിർബന്ധത്തെ തുടർന്ന് ജില്ലാ ആശുപത്രിയിൽ ചികിത്സക്ക് എത്തിച്ചാണ് പൊലീസിൽ വിവരമറിച്ചത്. തുടർന്ന് കേസെടുക്കുകയായിരുന്നു. ഇതോടെ പ്രതി ഒളിവിൽ പോയി. അന്വേഷണത്തിനൊടുവിലാണ് പിടിയിലായത്.