കൂത്തുപറമ്പ്:വേങ്ങാട് പഞ്ചായത്തിൽ നടന്നുവരുന്ന കമ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം മാതൃകയാവുന്നു. കൂന്നിരിക്ക യു.പി സ്‌കൂളിൽ പ്രവർത്തിക്കുന്ന കിച്ചണിലൂടെ ദിവസേന ഇരുന്നൂറോളം പേർക്കാണ് ഭക്ഷണം നൽകി വരുന്നത്.

പഞ്ചായത്തിന് വലിയ സാമ്പത്തിക ബാദ്ധ്യതകളില്ലാതെ സന്നദ്ധ സേനകളുടെ പ്രവർത്തനത്തിലൂടെയാണ് കമ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം. ലോക്ക് ഡൗൺ ആരംഭിച്ചതിനെ തുടർന്ന് ഭക്ഷണം കിട്ടാതെ വലയുന്നവർക്ക് വേണ്ടി വേങ്ങാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച കമ്യൂണിറ്റി കിച്ചനാണ് ഇതിനകം മാതൃകയായി മാറിയിട്ടുള്ളത്.

പഞ്ചായത്ത് അധികൃതരുടെ മേൽനോട്ടത്തിൽ കുടുംബശ്രീ പ്രവർത്തകരും സന്നദ്ധ പ്രവർത്തകരുമാണ് വിഭവങ്ങൾ തയ്യാറാക്കുന്നത്. ഭക്ഷണവിതരണത്തിനും വിപുലമായ ശൃംഗലതന്നെ പഞ്ചായത്ത് അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്തിന് വലിയ സാമ്പത്തിക ബാദ്ധ്യതകൾ വരാതെ സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെയാണ് കമ്യൂണിറ്റി കിച്ചന്റെ പ്രവർത്തനമെന്ന് വേങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സി.പി.അനിത പറഞ്ഞു.പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന 577 ഓളം അതിഥി തൊഴിലാളികൾക്കുള്ള ഭക്ഷ്യവസ്തുക്കളും വളണ്ടിയർമാരുടെ നേതൃത്വത്തിൽ കൃത്യമായി എത്തിക്കുന്നുണ്ട്.അരി, ആട്ട, ഉള്ളി, ഉരുളക്കിഴങ്ങ്, ഓയിൽ ഉൾപ്പെടെയുള്ള സാധനങ്ങളാണ് വിവിധ ഭാഗങ്ങളിലുള്ള ക്യാമ്പുകളിൽ മുടക്കമില്ലാതെ എത്തിക്കുന്നത്. പഞ്ചായത്ത് ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കാൾ സെന്ററാണ് മറ്റൊരു പ്രത്യേകത. 24 മണിക്കൂറും പ്രവർത്തിക്കുന്ന തരത്തിലാണ് കാൾ സെന്റർ സജ്ജീകരിച്ചിട്ടുള്ളത്. നേരത്തെ 489 പേർ വരെ നിരീക്ഷണത്തിലുണ്ടായിരുന്ന വേങ്ങാട് പഞ്ചായത്തിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 203 ആയി കുറഞ്ഞിട്ടുണ്ട്.

പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരായ ആതിര, വന്ദന, ഹെൽത്ത് ഇൻസ്‌പെക്ടർ മോഹനൻ, ജെ.എച്ച്.ഐ.പ്രമോദ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങളും ശക്തമാക്കിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് സി.പി.അനിത, വൈസ്.പ്രസിഡന്റ് കെ.മധുസൂദനൻ ,എ.രവീന്ദ്രൻ, പി.സി.അനില, പി.സിന്ധു, പി.പ്രകാശൻ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.