മട്ടന്നൂർ: ലോക് ഡൗൺ ഫലപ്രദമാക്കാനുള്ള കർശന നടപടി പൊലീസ് സ്വീകരിക്കുമ്പോൾ പൊതുജനങ്ങൾ നല്ലരീതിയിൽ സഹകരിക്കണമെന്ന് വ്യവസായമന്ത്രി ഇ .പി ജയരാജൻ. മട്ടന്നൂരിൽ കൊവിഡ് 19 അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. രോഗം പടരാതിരിക്കാൻ ശാരീരിക അകലം പാലിക്കാനും അനാവശ്യമായി പുറത്തിറങ്ങാതിരിക്കാനുമുള്ള ജാഗ്രതയുണ്ടാവണം. ഇതിന് ആവശ്യമായ നടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്. വീട്ടിൽ കഴിയുന്നവർക്ക് അവശ്യമരുന്നുകൾ പൊലീസും ഫയർഫോഴ്സും എത്തിച്ചുനൽകുന്നുണ്ട്. സർക്കാരിന്റെയും ആരോഗ്യവകുപ്പ് ജീവനക്കാരുടെയും നിയമപാലകരുടെയുമെല്ലാം ഫലപ്രദമായ ഇടപെടലാണ് കേരളത്തിൽ രോഗവ്യാപനം തടഞ്ഞുനിർത്താൻ കാരണമായതെന്ന് മന്ത്രി പറഞ്ഞു.യോഗത്തിൽ നഗരസഭാ ചെയർമാൻ അനിതാ വേണു അധ്യക്ഷയായി. വൈസ്‌ചെയർമാൻ പി പുരുഷോത്തമൻ, മെഡിക്കൽ ഓഫീസർ കെ സുഷമ, ഇരിട്ടി തഹസിൽദാർ കെ കെ ദിവാകരൻ, ഡിവൈ.എസ്.പി സജേഷ് വാഴാളപ്പിൽ തുടങ്ങിയവർ സംസാരിച്ചു.