കാസർകോട്: മദ്യം കിട്ടാതെ പരക്കംപാഞ്ഞ സ്ഥലത്തെ പ്രധാന കുടിയന്മാരെല്ലാം ഒടുവിൽ ചെന്നെത്തിയത് ചില ഓൺലൈൻ വ്യാജ വാറ്റു കേന്ദ്രങ്ങളിൽ ! വാട്സ് ആപ്പ് ഗ്രൂപ്പിൽ ഒരു മെസേജ് ഇട്ടാൽ മതി മണിക്കൂറുകൾക്കുള്ളിൽ വ്യാജമദ്യം വീട്ടിലെത്തിക്കുന്ന ഓൺലൈൻ സംഘങ്ങൾ മലബാറിൽ സജീവമാണ്. എക്സൈസിന്റെ കണ്ണുവെട്ടിച്ച് ഇവർ വൻതോതിൽ വ്യാജചാരായം വിറ്റഴിക്കുന്നതായാണ് അറിയുന്നത്. കാസർകോട്ടെ അടൂർ, ​മുള്ളേരിയ, ​ബന്തടുക്ക,​ചാമകൊച്ചി,​ പാണത്തൂര് എന്നിവിടങ്ങളിലെല്ലാം നിരവധി വാറ്റ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. നാട്ടിൽ കശുമാങ്ങയുടെ സീസൺ കൂടി ആയതിനാൽ

വാറ്റുകാർക്ക് ചാകരയായി. കുപ്പിക്ക് 1000-1500 രൂപവരെ സംഘം വാങ്ങും. സ്വന്തം ആവശ്യത്തിനായി വാറ്റുന്നവരും കുറവല്ല. പ്രദേശത്ത് ഡ്രോൺ ഉപയോഗിച്ച് എക്സൈസും പൊലീസും പരിശോധന നടത്തുന്നുണ്ടെങ്കിലും ഉൾക്കാടുകളിലെ വാറ്റുകേന്ദ്രങ്ങൾ പിടിക്കുക പ്രയാസമാണെന്ന് അധികൃതർ പോലും സമ്മതിക്കുന്നു.

വാറ്റ് തേടി അതിർത്തിയും കടക്കും

വാറ്റ് തേടി അതിർത്തി കടക്കുന്നവരും കുറവല്ല. ഗ്വാളിമുഖവും പാണത്തൂരിനപ്പുറവും കടന്നാലും വാറ്റു വില്പന സജീവമാണ്.

വാറ്റ് തേടിയിറങ്ങുന്നവർക്ക് ചെക്ക്പോസ്റ്റും റോഡ് മണ്ണിട്ട് മൂടലുമൊന്നും ഒരു പ്രശ്നമല്ല. കർണാടക അതിർത്തിയിലെ പൊലീസുകാരുടെ സഹായത്തോടെ വാറ്റ് കടത്തുന്നവരുമുണ്ട്. കഴിഞ്ഞ ദിവസം 20 ലിറ്റർ വാറ്റ് ചാരായവുമായി പുല്ലൂർ പെരളം സ്വദേശികളായ രണ്ടുപേർ പാണത്തൂർ അതിർത്തി കടന്നെത്തിയിരുന്നു. ഇവരെ അമ്പലത്തറ സി.ഐ ടി. ദാമോദരൻ പിടികൂടി.