കാസർകോട്: ഏപ്രിൽ ആറിന് മുമ്പ് കാസർകോട് ഭെല്ലിലെ ജീവനക്കാർക്ക് നൽകാനുള്ള 16 മാസത്തെ ശമ്പളം നല്കാൻ നടപടി സ്വീകരിക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഫെബ്രുവരി മാസം ഏഴിന് ഉത്തരവിട്ടിട്ടും നടപ്പാക്കാതെ കേന്ദ്ര സർക്കാർ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് കമ്പനി . കേരള ഹൈക്കോടതിയുടെ ഉത്തരവും നടപ്പാക്കാതെ ജീവനക്കാരെ പട്ടിണിക്കിടുകയാണ് ഈ കേന്ദ്രപൊതുമേഖലാസ്ഥാപനം.
ചീഫ് മാനേജിംഗ് ഡയറക്ടർ ബി എച്ച് ഇ എൽ, സംസ്ഥാന ചീഫ് സെക്രട്ടറി എന്നിവരെ എതിർകക്ഷികളാക്കി ജീവനക്കാർക്ക് വേണ്ടി ജനുവരി ഒന്നിനാണ് ദേശീയ മനുഷ്യാവകാശ കമ്മിഷനിൽ ഹരജി നൽകിയിരുന്നത്. അതിന് ശേഷം ഭെൽ യൂണിറ്റിലെ ഐ .എൻ. ടി .യു. സി ക്ക് വേണ്ടി കേരള ഹൈക്കോടതിയിലും ഹരജി നൽകി. ജീവനക്കാർക്ക് അനുകൂലമായാണ് മനുഷ്യാവകാശ കമ്മിഷനും ഹൈക്കോടതിയും ഉത്തരവിട്ടത്. 16 മാസമായി ശമ്പളം കിട്ടാതെ ജീവിതം പ്രതിസന്ധിയിലായ ഭെല്ലിലെ 200 ഓളം വരുന്ന ജീവനക്കാരുടെ കുടുംബം നട്ടംതിരിയുകയാണ്. ഏപ്രിൽ ഏഴിന് ശമ്പളം കൊടുക്കാതിരിക്കാൻ കൊവിഡ് ലോക് ഡൗൺ ഒരു കാരണമായി പറയുമെങ്കിലും ശമ്പളം നൽകുന്നതിനുള്ള ഒരു നടപടിക്രമവും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നാണ് പറയുന്നത്.
ഇനിയും ശമ്പളം നൽകിയില്ലെങ്കിൽ പലരും ജീവിതം അവസാനിപ്പിക്കേണ്ടിവരുമെന്ന സ്ഥിതിയാണുള്ളതെന്ന് ജീവനക്കാർ പറയുന്നു. കേന്ദ്രസർക്കാർ തൊഴിൽ മന്ത്രാലയത്തിന്റെ കീഴിലുള്ള സ്ഥാപനം ആയതിനാൽ തങ്ങൾക്കൊന്നും ചെയ്യാൻ കഴിയില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. സംസ്ഥാന സർക്കാരിന് വിട്ടുകൊടുക്കാൻ തയ്യാറാകാതെ കമ്പനിയെ നശിപ്പിക്കുകയാണ് കേന്ദ്രസർക്കാർ .
ആരും കാണുന്നില്ല,
കൊവിഡ് ദുരിതത്തിനിടയിൽ പോലും ഇവിടത്തെ തൊഴിലാളികൾ എങ്ങിനെ ജീവിക്കുന്നതെന്ന് തിരിഞ്ഞുനോക്കാൻ പോലും ആരും തയ്യാറായിലെന്ന പരാതിയും തൊഴിലാളി കുടുംബങ്ങൾക്കുണ്ട്. സംഘടനകളോ ജില്ലാ ഭരണകൂടമോ കേന്ദ്ര അധികൃതരോ ഭെൽ ജീവനക്കാരെ തിരിഞ്ഞുനോക്കിയില്ല. ഇപ്പോഴും വാടകകെട്ടിടത്തിൽ താമസിക്കുന്ന ജീവനക്കാരിൽ പലരും ഏറെ കഷ്ടപ്പാടിലാണ്. 51 ശതമാനം ഓഹരി ബി .എച്ച് .ഇ .എല്ലിനും 49 ശതമാനം ഓഹരി കേരള സർക്കാരിനുമുള്ള കാസർകോട് ഭെല്ലിലെ ജീവനക്കാരും കമ്പനിയും പ്രതിസന്ധിയിൽ നിന്ന് പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണ്.
ശമ്പളം കിട്ടാത്തത് 16 മാസം
ജീവനക്കാർ 200