കണ്ണൂർ: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ശേഖരിച്ചുവെച്ചിരിക്കുന്ന അജൈവ മാലിന്യങ്ങൾ ഉടൻ നീക്കം ചെയ്യണമെന്ന് ജില്ലാഭരണകൂടം ആവശ്യപ്പെട്ടു. എ.ഡി.എം ഇ.പി മേഴ്സിയുടെ അധ്യക്ഷതയിൽ ചേർന്ന മാലിന്യസംസ്‌കരണ മഴക്കാലപൂർവ്വ ശുചിത്വ കാമ്പയിനുമായി ബന്ധപ്പെട്ട യോഗത്തിലാണ് തീരുമാനം.
നിലവിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ശേഖരിച്ചുവെച്ചിരിക്കുന്ന അജൈവ മാലിന്യത്തിന്റെ വിശദാംശങ്ങൾ അറിയിക്കുന്ന മുറയ്ക്ക് അവ ശേഖരിക്കുമെന്ന് ക്ലീൻ കേരള കമ്പനി അറിയിച്ചിട്ടുണ്ട്. ജില്ലയിലെ ഏഴ് ഗ്രാമ പഞ്ചായത്തുകളിൽ നിന്നായി 7 ടൺ മാലിന്യം ഇതിനോടകം തന്നെ കമ്പനി നീക്കം ചെയ്തു കഴിഞ്ഞു. ദിവസേന നാല് ലോഡ് മാലിന്യം ശേഖരിച്ച് സംസ്‌കരിക്കുന്നതിനായി കെ.ഇ.എല്ലിന് കൈമാറുമെന്നും കമ്പനി അറിയിച്ചു. മാലിന്യനീക്കം സംബന്ധിച്ച് കൃത്യമായ സമയക്രമം തയ്യാറാക്കി നൽകുന്നതിന് ക്ലീൻ കേരള കമ്പനിയോട് ജില്ലാഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്.

മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ചു കൊണ്ട് തന്നെ എല്ലാ തദ്ദേശസ്ഥാപനങ്ങളും നിർവഹിക്കണമെന്നും എ.ഡി.എം അറിയിച്ചു.

എ.ഡി.എമ്മിന്റെ ചേമ്പറിൽ ചേർന്ന യോഗത്തിൽ ഡി.ഡി.പി ടി.ജെ അരുൺ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി. ചന്ദ്രൻ, ഹരിത കേരളം മിഷൻ ജില്ലാ കോഓർഡിനേറ്റർ ഇ.കെ സോമശേഖരൻ, ശുചിത്വമിഷൻ ജില്ലാ കോ ഓർഡിനേറ്റർ എം. രാജീവൻ, ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ ആശംസ്, പൊലീസ്, ഫയർ ആൻഡ് റെസ്‌ക്യൂ, ആർ.ടി.ഒ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

സൗജന്യ റേഷൻ വിതരണം ഇന്നുമുതൽ;

മൊബൈലുമായി എത്തണം
കണ്ണൂർ: കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി കേന്ദ്ര സർക്കാരിന്റ പി.എം.ജി.കെ.എ.വൈ പദ്ധതിയിൽ അനുവദിച്ച സൗജന്യ റേഷന്റെ വിതരണം ഇന്നു മുതൽ. എ.എ.വൈ (മഞ്ഞ കാർഡ്), മുൻഗണന/പി.എച്ച്.എച്ച് (പിങ്ക് കാർഡ് ) വിഭാഗങ്ങളിലെ കുടുംബങ്ങൾക്കാണ് കാർഡിലുൾപ്പെട്ട ഓരോ അംഗത്തിനും 5 കിലോഗ്രാം വീതം അരി ലഭിക്കുക. സർക്കാർ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഒ.ടി.പി സമ്പ്രദായം മുഖേനയാകും റേഷൻ വിതരണം. അതിനാൽ അർഹരായ ഗുണഭോക്താക്കൾ റേഷൻ കാർഡുമായി ബന്ധിപ്പിച്ച മൊബൈലുമായി റേഷൻ കടകളിലെത്തണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.