കണ്ണൂർ: ലോക്‌ഡൗണിന്റെ പശ്ചാത്തലത്തിൽ അവശ്യസാധനങ്ങളും മരുന്നുകളും വീടുകളിലെത്തിക്കാൻ ജില്ലാ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന കാൾ സെന്ററിൽ സന്നദ്ധപ്രവർത്തകനായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. നാരായണ നായ്ക്കും. ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ തിരക്കുകൾക്കിടയിലാണ് അദ്ദേഹം സെന്ററിലെത്തിയത്.
ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള ബാലകിരൺ പദ്ധതിയിൽ ലഭിക്കുന്ന മരുന്ന് ആവശ്യപ്പെട്ടായിരുന്നു ഡി.എം.ഒ അറ്റൻഡ് ചെയ്ത കോളിലെ ആവശ്യം. പദ്ധതിയിൽ ഉൾപ്പെടുത്തി മരുന്ന് ലഭ്യമാക്കാമെന്ന് ഉറപ്പുനൽകിയ ഡി.എം.ഒ അതിനുള്ള ക്രമീകരണവും ഒരുക്കി. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രിൻസിപ്പൽ സെക്രട്ടറിയുടെ വീഡിയോ കോൺഫറൻസിൽ പങ്കെടുക്കേണ്ടതിനാൽ അധിക സമയം ചെലവഴിക്കാതെ അദ്ദേഹം മടങ്ങുകയും ചെയ്തു.
ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങാതിരിക്കുക എന്നതാണ് കൊവിഡ് പ്രതിരോധത്തിൽ ഏറ്റവും നിർണായകമായിട്ടുള്ളതെന്ന് ഡി.എം.ഒ പറഞ്ഞു. നിലവിൽ ജില്ലയിൽ ഭയപ്പെടാനുള്ള സാഹചര്യമില്ല. എന്നാൽ പൂർണമായി ആശ്വസിക്കാവുന്ന സ്ഥിതിയിലുമല്ല. സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദ്ദേശങ്ങളോട് പൂർണമായി സഹകരിക്കുകയാണ് പ്രധാനം. ലോക്ക് ഡൗൺ കാലത്ത് ആളുകൾ പുറത്തിറങ്ങുന്നത് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കാൾ സെന്റർ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.