ചക്കരക്കല്ല്: കൊവിഡ് വ്യാപനത്തിനെതിരെ നടപ്പാക്കിയ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിക്കാതെ വന്നതോടെ ചക്കരക്കല്ലിൽ മുഴുവൻ കടകളും അടച്ചിടാൻ അവലോകന യോഗത്തിൽ തീരുമാനമായി. ചക്കരക്കല്ല് ടൗൺ മുതൽ ഗോകുലം വരെയും മുഴപ്പാല റോഡിൽ അപ്പക്കടവ് വരെയും അഞ്ചരക്കണ്ടി റോഡിൽ സോന റോഡ് വരെയും കണ്ണൂർ റോഡിൽ മൗവ്വഞ്ചേരി ടൗൺ വരെയും അടച്ചിടൽ ബാധകമായിരിക്കും. സാധനങ്ങൾ ലഭിക്കുന്നത് പൂർണമായും ഹോം ഡെലിവറി മുഖേനയാക്കി.

ആരോഗ്യ പ്രവർത്തകർ സഞ്ചരിക്കുന്നതും രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതുമായ വാഹനങ്ങളെ റോഡിൽ ഇറങ്ങാവൂ. ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് നിരവധി പേർ വാഹനങ്ങളിലും മറ്റുമായി ചക്കരക്കല്ലിൽ എത്തുന്നുണ്ട്. കടകൾ അടച്ചിടൽ മാത്രമാണിതിന് പോംവഴി. ജനങ്ങളുടെ ആരോഗ്യ സുരക്ഷ മുൻനിർത്തിയാണ് ഈ നടപടികൾ സ്വീകരിച്ചതെന്ന് എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.സി.മോഹനൻ പറഞ്ഞു.

ഇരിവേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടന്ന യോഗത്തിൽ ചെമ്പിലോട് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലക്ഷ്മി, അഞ്ചരക്കണ്ടി പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. സുരേശൻ, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹി പി.വി. പ്രേമരാജൻ, വ്യാപാരി വ്യവസായി സമിതി ഭാരവാഹി ഡി.സുഭാഷ് എന്നിവരും പങ്കെടുത്തു.