covid19

കണ്ണൂർ: ലോക്ക് ഡൗൺ കാലത്ത് ട്രെയിൻ ഗതാഗതം പാടെ നിലച്ചതോടെ ഈ മേഖലയിൽ ഭക്ഷണ വിൽപ്പനയിൽ ഏർപ്പെട്ടിരുന്ന ജീവനക്കാർ പ്രതിസന്ധിയിൽ. റെയിൽവേ കാറ്ററിംഗ് സ്റ്റാളുകൾ നടത്തുന്നവർ, ട്രെയിനുകളിലെ പാൻട്രി കാറുകളുടെയും ജീവനക്കാർ, നടത്തിപ്പുകാർ എന്നിവരാണ് ഒരു വിധത്തിലുള്ള സാമ്പത്തിക പാക്കേജോ സഹായങ്ങളോ ലഭിക്കാതെ ദാരിദ്ര്യത്തിലായത്.

മാർച്ച് 22 മുതൽ പൂട്ടിക്കിടക്കുന്ന ഇങ്ങനെയുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർ ദിവസ വേതനത്തിലും കമ്മീഷൻ വ്യവസ്ഥയിലുമാണ് ജോലി ചെയ്യുന്നത്. അതുപോലെ നടത്തുന്നവരുടെ കാര്യവും കഷ്ടത്തിലാണ്. സ്ഥാപനങ്ങളിൽ വില്പനയ്ക്കായ് വെച്ച ബിസ്ക്കറ്റുകൾ , ചിപ്സുകൾ തുടങ്ങിയ പാക്കറ്റ് സാധനങ്ങളുടെ കാലാവധി കഴിയുന്നതോടെ വലിയ നഷ്ടങ്ങളാണ് വരുന്നത്. കൂടാതെ സ്ഥാപനങ്ങൾ പ്രവർത്തിച്ചാലെ വാടക നൽകുവാൻ കഴിയുകയുള്ളൂ. ഭീമമായ വാടകയാണ് ഓരോരോ സ്ഥാപനങ്ങളും റെയിൽവേക്ക് നൽകേണ്ടി വരുന്നത്.

പൂട്ടിയിടുന്ന കാലയളവിൽ വാടകയിൽ ഇളവുവരുത്തിയതായുള്ള ഒരു തീരുമാനവും റെയിൽവേയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല . ഇതിനെല്ലാം ശാശ്വത പരിഹാരം ബന്ധപ്പെട്ട റെയിൽവേ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാവണമെന്നാണ് ആവശ്യം. ലോക്ക് ഡൗൺ കാലത്ത് എല്ലാ മേഖലകളിലും സാമ്പത്തിക പാക്കേജ് അനുവദിക്കുമ്പോൾ ഈ മേഖലകളിലുള്ളവർക്ക് ഇതുവരെ യാതൊരു വിധ സാമ്പത്തിക പാക്കേജും അനുവദിച്ചില്ല.