covid-

കാസർകോട്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പും പൊലീസും ചേർന്ന് തയ്യാറാക്കിയ 14 ഹോട്ട്സ്പോട്ട് ഏരിയകളാണ് കാസർകോട് ജില്ലയിൽ ഉള്ളത്. ഹോട്ട്‌ സ്‌പോട്ടുകളിൽ കർശന നിയന്ത്രണം തുടരുമെന്നും യാതൊരു ഇളവുകളും ഇവിടങ്ങളിൽ അനുവദിക്കില്ലെന്നും കളക്ടറും ജില്ലാ പൊലീസ് മേധവിയും അറിയിച്ചു. കാസർകോട്, കാഞ്ഞങ്ങാട് നഗരസഭകൾ, മഞ്ചേശ്വരം, കുമ്പള, മൊഗ്രാൽപുത്തൂർ, ബദിയടുക്ക, മധൂർ, ചെങ്കള, പൈവളികെ, ചെമ്മനാട്, ഉദുമ, പള്ളിക്കര, അജാനൂർ, കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് പരിധികൾ എന്നിവയാണ് ജില്ലയിലെ ഹോട്ട് സ്പോട്ട് ഏരിയകളായി കണക്കാക്കിയിട്ടുള്ളത്.

ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുള്ള മെയ് മൂന്നുവരെ ഈ പ്രദേശങ്ങൾ അടഞ്ഞു തന്നെ കിടക്കും. യാതൊരുവിധത്തിലുള്ള ഇളവുകളും ഇവിടങ്ങളിൽ ജില്ലാഭരണകൂടം അനുവദിക്കില്ല. കാസർകോട് പൊലീസ് ട്രിപ്പിൾ ലോക്ക് ഇട്ടു പൂട്ടിയ പ്രദേശങ്ങളും ഈ ഹോട്ട്സ്പോട്ട് ഏരിയകളിൽ ഉൾപ്പെടും. ഐ.ജി വിജയ് സാഖറെയുടെ കർശനമായ നിർദ്ദേശം ഇവിടങ്ങളിൽ പൊലീസ് പാലിച്ചു വരികയാണ്. ആരെയും പുറത്തിറങ്ങാൻ അനുവദിക്കാതെ അവശ്യവസ്തുക്കൾ പൊലീസ് തന്നെ വീടുകളിൽ എത്തിച്ചു നൽകുകയാണ്. രോഗം ഭേദമായവരോട് 14 ദിവസം മുറിക്കകത്ത് നിരീക്ഷണത്തിൽ ഇരിക്കണമെന്ന് കർശനമായ നിർദേശവും നൽകിയിട്ടുണ്ട്. ഇത് ലംഘിക്കുന്നവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു വരികയാണ്. ഹോട്ട്‌സ്‌പോട്ടുകളിൽ കടകൾ, ബാങ്കുകൾ എന്നിവയുടെ പ്രവർത്തനം ലോക്ക്ഡൗൺ കാലത്തേതുപോലെയായിരിക്കും. പൊതുസ്ഥലത്ത് എല്ലാവരും മാസ്‌കുകൾ നിർബന്ധമായി ധരിക്കണമെന്നും നിർദേശമുണ്ട്.