കണ്ണൂർ: ഒരു മാസത്തോളമായി രാജ്യത്ത് തുടരുന്ന ലോക്ക് ഡൗണിൽ നിന്നും സംസ്ഥാനത്തെ ചില ജില്ലകളെ ഭാഗികമായി ഒഴിവാക്കി തുടങ്ങിയിട്ടും കണ്ണൂരിൽ ആശങ്കയ്ക്ക് അയവില്ല. റെഡ് സോണായി പ്രഖ്യാപിക്കപ്പെട്ട ജില്ലയിൽ ഇന്നലെ ഒരാൾക്ക് കൂടി കൊവിഡ് റിപ്പോർട്ട് ചെയ്തതാണ് ആശങ്കയായത്. മാർച്ച് 22ന് അബുദാബിയിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ യുവാവാണ് ഏറ്റവും പുതിയ രോഗി. കുന്നോത്തുപറമ്പ് ചെണ്ടയാട് സ്വദേശിയായ 29 കാരൻ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഏപ്രിൽ 17ന് തലശ്ശേരി ജനറൽ ആശുപത്രിയിൽ ഇയാളെ സ്രവ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ഇതോടെ ജില്ലയിൽ രോഗം സ്ഥിരീകരിച്ചവർ 88 ആയി.
തലശ്ശേരി ജനറൽ ആശുപത്രിയിൽ നിന്ന് മൂന്നു പേർ ഇന്നലെ ഡിസ്ചാർജായിരുന്നു. രോഗം സ്ഥിരീകരിച്ചതിൽ 42 പേരെ സുഖപ്പെടുത്താനായത് പ്രതീക്ഷ പകരുന്നുണ്ട്.
ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ കർശനമായി പാലിക്കാനാണ് തീരുമാനം. റേഷൻ സാധനങ്ങൾ വീടുകളിലെത്തിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലയിലാകെ 5987 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇവരിൽ 47 പേർ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും 6 പേർ ജില്ലാ ആശുപത്രിയിലും 8 പേർ തലശ്ശേരി ജനറൽ ആശുപത്രിയിലും 45 പേർ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററിലും 5881 പേർ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്.
ഇതുവരെ 2088 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 1760 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതിൽ 1628 എണ്ണം നെഗറ്റീവ് ആണ്. 328 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. കൊവിഡ് 19 ന് പിന്നാലെ മഴക്കാല പകർച്ച വ്യാധി വരുമോ എന്നതാണ് മറ്റൊരു ആശങ്ക. ഇതേ തുടർന്ന് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ശേഖരിച്ച അജൈവ മാലിന്യങ്ങൾ ഉടൻ നീക്കം ചെയ്യണമെന്ന് ജില്ലാഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. വിശദാംശങ്ങൾ അറിയിച്ചാൽ ശേഖരിക്കുമെന്ന് ക്ലീൻ കേരള കമ്പനി അറിയിച്ചിട്ടുണ്ട്. ഏഴ് ഗ്രാമ പഞ്ചായത്തുകളിൽ നിന്നായി 7 ടൺ മാലിന്യം ഇതിനോടകം നീക്കം ചെയ്തു. ദിവസേന നാല് ലോഡ് മാലിന്യം ശേഖരിച്ച് സംസ്‌കരിക്കുന്നതിനായി കെ.ഇ.എല്ലിന് കൈമാറുമെന്നും കമ്പനി അറിയിച്ചു. രോഗത്തെ ഏതു വിധേനയും പിടിച്ചു കെട്ടാനുള്ള ശ്രമമാണ് തുടരുന്നത്.