കണ്ണൂർ: കൊവിഡ് വ്യാപനം തടയാനുള്ള പ്രവർത്തനങ്ങൾ ലക്ഷ്യത്തിലേക്ക് അടുക്കുമ്പോൾ, കണ്ണൂർ ജില്ലയിലെ മലയോരത്ത് റിപ്പോർട്ട് ചെയ്യപ്പട്ട ഡെങ്കിപ്പനി ആരോഗ്യ പ്രവർത്തകരിലും നാട്ടുകാരിലും കടുത്ത ആശങ്കയുണർത്തുന്നു. മലയോര മേഖലയിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യുന്നതിനാൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താൻ പയ്യന്നൂർ എം.എൽ.എ സി. കൃഷ്ണൻ വിളിച്ചു ചേർത്ത ജനപ്രതിനിധികളുടെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗംതീരുമാനിച്ചു. ചെറുപുഴ പഞ്ചായത്തിലെ കക്കോട്, പെരുന്തടം ചൂരപ്പടവ് വയലായി, ചെറുപുഴ മേഖലകളിലാണ് ഡെങ്കിപ്പനി കൂടുതലായി റിപ്പോർട്ട് ചെയ്തത്.
പെരിങ്ങോം, വയക്കര, എരമം കുറ്റൂർ ഗ്രാമപഞ്ചായത്തിലും ഡെങ്കിപ്പനി ബാധിച്ചവരുണ്ട്. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം ശുചീകരണ പ്രവർത്തനങ്ങളും ശക്തിപ്പെടുത്താൻ പെരിങ്ങോം താലൂക്ക് ആശുപത്രിയിൽ ചേർന്ന യോഗം തീരുമാനിച്ചു. ഇതിനായി തൊഴിലുറപ്പ് തൊഴിലാളികൾ, അന്യസംസ്ഥാന തൊഴിലാളികൾ എന്നിവരുടെ സേവനം ഉറപ്പ് വരുത്താനും രോഗബാധിത മേഖലകളിൽ ഫോഗിംഗ് നടത്താനും ധാരണയായി.
ലോക്ക് ഡൗണിൽ ജനകീയ പങ്കാളിത്തത്തോടെ പ്രവർത്തനങ്ങൾ നടത്താൻ പറ്റാത്തതിനാൽ വീട്ടിൽ ഇരിക്കുന്ന കുടുംബാംഗങ്ങൾ ആഴ്ചയിലൊരിക്കൽ ഡ്രൈ ഡേ ആചരിച്ച് വീട്ടിലും പരിസരത്തുമുള്ള കൊതുക് ഉറവിടങ്ങൾ നീക്കം ചെയ്യാൻ യോഗം നിർദ്ദേശിച്ചു. ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ സ്‌ക്വാഡ് രൂപീകരിച്ച് രോഗബാധിത മേഖലകളിൽ സന്ദർശനം നടത്താനും തീരുമാനമായി. യോഗത്തിൽ സി. കൃഷ്ണൻ എ.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ടി.പി നൂറുദ്ദീൻ, ഡോ: മായ ഡോ: അനിത, മലേറിയ ഓഫീസർ സുരേഷ് ടെക് നിക്കൽ അസിസ്റ്റ് സുനിൽ ദത്തൻ തുടങ്ങിയവർ പങ്കെടുത്തു.