കണ്ണൂർ: ലോക്ഡൗണിന്റെ ഭാഗമായി മദ്യഷാപ്പുകൾ അടച്ചു പൂട്ടിയതിന്റെ മറവിൽ വീട്ടിൽ ചാരായ നിർമ്മാണം നടത്തിയത് എക്സൈസ് കണ്ടെത്തി. മഠപ്പുരച്ചാൽ സ്വദേശി വാഴേപ്പടവിൽ വീട്ടിൽ മത്തച്ചൻ എന്ന മത്തായിയുടെ വീട്ടിൽ നിന്നാണ് 200 ലിറ്റർ വാഷും 10 ലിറ്റർ ചാരായവും വാറ്റു ഉപകരണങ്ങളും പേരാവൂർ എക്‌സൈസ് സംഘം കണ്ടെത്തിയത്. പ്രതി ഓടിപോയതിനാൽ അറസ്റ്റ് ചെയ്തിട്ടില്ല. ഇയാളുടെ നേതൃത്വത്തിൽ മണത്തണ, പേരാവൂർ, ആറളം ഫാം മേഖലയിൽ വിൽപ്പന നടത്തുകയായിരുന്നു.
എക്‌സൈസ് കമ്മിഷണറുടെ ഉത്തരമേഖല സ്‌ക്വാഡിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് റെയ്ഡ് നടത്തിയത്. പ്രിവന്റീവ് ഓഫീസർ എം.പി സജീവന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ പി.സി ഷാജി, സിവിൽ എക്‌സൈസ് ഓഫീസർമാരായ സി.എം ജയിംസ്, വി.എൻ സതീഷ്,എൻ.സി വിഷ്ണു, പി.ജി അഖിൽ എന്നിവർ പങ്കെടുത്തു.
കണ്ണൂർ എക്സൈസ് സി.ഐയും സംഘവും കുണിയിൽ പാലത്തിന് സമീപത്തെ സന്തൂസ് ക്വർട്ടേഴ്സിൽ നടത്തിയ റെയ്ഡിൽ കമ്പനി ലേബൽ പതിക്കാത്ത 25 ലിറ്രർ മദ്യവും പിടികൂടി. കൊട്ടാരക്കര ഓടാനവട്ടം സ്വദേശി റോമിയോയെ അറസ്റ്റ് ചെയ്തു. പിണറായി റേഞ്ചിന് സമീപത്തെ കീഴല്ലൂർ അംഗൻവാടിയ്ക്ക് സമീപത്ത് നിന്നും ആളില്ലാതെ സൂക്ഷിച്ച 90 ലിറ്റർ വാഷ് പിടികൂടി.