ചെറുവത്തൂർ: വൈദ്യുതി ലൈനിൽ കാക്ക വീണ് ചത്താൽ മണിക്കൂറുകളോളം കറണ്ട് പോകുമെന്നും അതിന്റെ ദുരിതം ലോക്ക് ഡൗൺ കാലത്ത് ജനങ്ങൾ അനുഭവിക്കണമെന്നും തെളിയിച്ച് കെ.എസ്.ഇ.ബി. ഇന്നലെ രാവിലെയാണ് ചെറുവത്തൂർ, മുണ്ടക്കണ്ടം , അച്ചാംതുരുത്തി, കാടങ്കോട് ഭാഗങ്ങളിലെ ഉപഭോക്താക്കൾ കാക്ക ചത്തതിന്റെ പേരിൽ ചുട്ടുപൊള്ളിയത്. രാവിലെ ഏഴ് മണിയോടെ കറണ്ട് പോയപ്പോൾ എ. ഐ. വൈ. എഫ് ജില്ലാ സെക്രട്ടറി മുകേഷ് ബാലകൃഷ്ണൻ കെ.എസ്.ഇ. ബി അധികൃതരെ വിളിച്ചു പറഞ്ഞിരുന്നു. തകരാർ കണ്ടുപിടിച്ചില്ല, എട്ടരയോടെ ശരിയാകും എന്നായിരുന്നു മറുപടി. രണ്ടു മണിക്കൂർ കഴിഞ്ഞിട്ടും കറണ്ട് വരാത്തപ്പോൾ വീണ്ടും അന്വേഷിച്ചപ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ അതുമിതും പറഞ്ഞൊഴിഞ്ഞു.
എട്ടരയ്‌ക്കാണ് ഡ്യൂട്ടി മാറുന്ന സമയം. അമ്പലത്തേര വില്ലേജ് ഓഫീസ് പരിസരത്ത് കൂടി കടന്നുപോകുന്ന എച്ച്. ടി. ലൈനിൽ ജെ .ടി. എസിന് സമീപം ഒരു കാക്ക വീണ് ചത്തതായിരുന്നു പ്രശ്നം. കാക്ക കുടുങ്ങിയപ്പോൾ അവിടത്തെ മെയിൻ ഫ്യൂസ് അടിച്ചു പോയി. മനസ്സുവെച്ചാൽ രാവിലെ തന്നെ ഫ്യൂസ് കെട്ടി കറണ്ട് വരുത്തിക്കാമായിരുന്നു. പക്ഷെ ലോക്ക് ഡൗൺ കാലമല്ലേ കുറച്ചു വിയർത്തോട്ടെ എന്ന് കരുതിയാകാം. മയ്യിച്ച ഫീഡർ വന്നതോടെ ചെറുവത്തൂർ പഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖല മുഴുവൻ അതിന്റെ പരിധിയിലാണ്. കാക്ക ചത്തപ്പോൾ ഈ ഭാഗങ്ങളിൽ മുഴുവൻ കറണ്ട് കാട്ടാവുകയായിരുന്നു.