കണ്ണൂർ: നാട്ടിൽ വരൾച്ച പിടിമുറുക്കിയതോടെ കൊവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളിൽ മുഴുകിയിരുന്ന പഞ്ചായത്തുകൾക്ക് കുടിവെള്ള വിതരണത്തിനും തയ്യാറെടുക്കേണ്ട സ്ഥിതിയായി. ഇക്കുറി കൊവിഡ് പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ കാര്യങ്ങൾ അല്പംവൈകിയത് മിക്കയിടങ്ങളിലും ശുദ്ധജലവിതരണം സംബന്ധിച്ച് പരാതിക്കിടയാക്കിയിട്ടുണ്ട്.

ജില്ലയിൽ ഇതിനകം ആറ് പഞ്ചായത്തുകളിൽ കുടിവെള്ള വിതരണം ആരംഭിച്ചിട്ടുണ്ട്.മറ്റുള്ളിടങ്ങളിൽ

ടെൻഡർ പൂർത്തിയാക്കി പത്തുദിവസത്തിനുള്ളിൽ കുടിവെള്ള വിതരണം ആരംഭിക്കാനാകും. നേരത്തെ സ്ഥാപിച്ച വാട്ടർ കിയോസ്കുകൾ വൃത്തിയാക്കി ശുദ്ധജലം നിറയ്ക്കാനും ശ്രമംതുടങ്ങിയിട്ടുണ്ട്. ചില മലയോര പഞ്ചായത്തുകളെ വേനൽമഴയും തുണച്ചു.

ഈ മാസം ആദ്യമാണ് കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ ടാങ്കറുകളിൽ കുടിവെള്ളം വിതരണം ചെയ്യുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കാൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർക്ക് ഡെപ്യൂട്ടി ഡയറക്ടർ നിർദ്ദേശം നൽകിയിരുന്നു. ഇതിന് ഗ്രാമപഞ്ചായത്തുകൾ നേരിട്ട് ടെൻഡർ ക്ഷണിച്ച് ലോറി ഉടമകളുമായി കരാറിൽ ഏർപ്പെടാനും നിർദ്ദേശിച്ചിരുന്നു.വിതരണത്തിലെ കൃത്യത ഉറപ്പുവരുത്തുന്നതിനായി ജി.പി.എസ് ട്രാക്കിംഗ് സംവിധാനം ഘടിപ്പിച്ച ടാങ്കർ ലോറികൾ

തന്നെ ഉപയോഗിക്കണമെന്നും നിർദ്ദേശമുണ്ട്. മലയോരമേഖലയിലും മറ്റും ജി.പി.എസ് ഇടക്കിടെ കട്ടാകുന്നത് ഉത്തരവ് നടപ്പാക്കുന്നതിന് തടസമായി നിൽക്കുകയാണ്. കിലോമീറ്ററുകൾ കൃത്യമായി രേഖപ്പെടുത്തുന്നതിന് ഇത് തടസമാകുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

കഴിഞ്ഞവർഷം ഇതേരീതിയിൽ ഉത്തരവിറക്കിയെങ്കിലും പിന്നീട് തിരുത്തേണ്ടിവന്നിരുന്നു. കഴിഞ്ഞവർഷം ജില്ലാതലത്തിലായിരുന്നു ജി.പി.എസ് മോണിറ്ററിംഗ് ഏർപ്പെടുത്തിയിരുന്നത്

ജില്ലയിലെ ജല അതോറിറ്റിക്ക് കീഴിലുള്ള 20 ഫില്ലിംഗ് സ്റ്റേഷനുകളിൽ നിന്നാണ് കുടിവെള്ളം ടാങ്കറുകളിൽ ശേഖരിക്കുന്നത്. ഫില്ലിംഗ് സ്റ്റേഷനുകളിൽ നിന്ന് ഏറെ അകലെയുള്ള പഞ്ചായത്തുകൾക്ക് അതത് പ്രദേശത്ത് സ്രോതസുകണ്ടെത്തി ശുദ്ധജല പരിശോധന നടത്തി ഉപയോഗിക്കാം.

കുടിവെള്ളവിതരണം തുടങ്ങിയത്

ചപ്പാരപ്പടവ്, ചെറുതാഴം, ചിറക്കൽ, എരമം-കുറ്റൂർ, പയ്യാവൂർ, രാമന്തളി പഞ്ചായത്തുകളിൽ

ബൈറ്റ്

'' കുടിവെള്ള വിതരണത്തിലും കൊവിഡ്-19 പ്രതിരോധവുമായി ബന്ധപ്പെട്ട എല്ലാ നിബന്ധനകളും മുൻകരുതലുകളും പാലിക്കേണ്ടതുണ്ട്. കുടിവെള്ളം വിതരണം ചെയ്യുന്നവരും ശേഖരിക്കാനെത്തുന്നവരും മാസ്ക് ധരിക്കുകയും സുരക്ഷാ അകലം പാലിക്കുകയും വേണം.

ടി.ജെ. അരുൺ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ