കണ്ണൂർ: ലോക്ക് ഡൗണിന്റെ സാഹചര്യത്തിൽ ലീഗൽ മെട്രോളജി വകുപ്പ് വിവിധ വകുപ്പുകളുമായി ചേർന്ന് നടത്തിയ പരിശോധനയിൽ അമിതവില ഈടാക്കിയ 72 സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു. മാസ്‌ക്, സാനിറ്റൈസർ, ഹാൻഡ് ഗ്ലൗസ് എന്നിവയ്ക്ക് അമിതവില ഈടാക്കിയതിന് 25 മെഡിക്കൽ ഷോപ്പുകൾക്കെതിരെയും കുപ്പിവെള്ളം ലിറ്ററിന് 13 രൂപയിലധികം ഈടാക്കിയതിന് 27 കടകൾക്കെതിരെയും കേസെടുത്തു.

സൗജന്യ റേഷൻ അളവിൽ കുറവ് വിൽപ്പന നടത്തിയതിന് 14 റേഷൻ കടകൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. പായ്ക്കറ്റുകളിൽ കൃത്യമായ രേഖപ്പെടുത്തലില്ലാതെ വിൽപ്പന നടത്തിയതിനും അളവു- തൂക്ക ഉപകരണങ്ങളിൽ മുദ്ര പതിപ്പിക്കാത്തതിനും ആറ് കേസുകളുമെടുത്തു.
ജില്ലാ ഡെപ്യൂട്ടി കൺട്രോളർ എസ്.എസ് അഭിലാഷ്, അസിസ്റ്റന്റ് കൺട്രോളർ ഇൻ ചാർജ്ജ് പി. പ്രദീപ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.