കാസർകോട്: ഫാത്തിമത്ത് ഷഹല യുടെ കീമോതെറാപ്പി മുടങ്ങില്ല. നാലു വയസുകാരി ഫാത്തിമത്ത് ഷഹല യുടെ കണ്ണിന് അർബുദമാണ്. തമിഴ്നാട്ടിൽ ചെന്നൈയിലെ ശങ്കര നേത്രാലയയിലാണ് ചികിത്സ. മുടങ്ങാതെ കീമോതെറാപ്പി ചെയ്യണം. കാസർകോട് ജില്ലയിലെ ഉൾഗ്രാമമായ പുത്തിഗെ പള്ളത്ത് താമസിക്കുന്ന ധർമ്മത്തടുക്കയിലെ അബ്ദുൾ ഹമീദിന്റെയും ആയിഷത്ത് മിസ്റ യുടെയും മകളാണ് ഫാത്തിമത്ത് ഷഹല. ലോക് ഡൗണിൽ മകളുടെ ചികിത്സ മുടങ്ങുമെന്ന ആശങ്കയിൽ കഴിയുകയായിരുന്നു കുടുംബം. സംസ്ഥാന യുവജന കമ്മീഷനംഗം കെ. മണികണ്ഠൻ ഈ വിവരമറിഞ്ഞതോടെയാണ് ചികിത്സയ്ക്കുള്ള വഴി തുറന്നത്.

മണികണ്ഠന്റെ അഭ്യർത്ഥന പരിഗണിച്ച് ആരോഗ്യ-സാമൂഹ്യനീതി - വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർ. ഉടൻ വിഷയത്തിൽ ഇടപ്പെടുകയും കേരള സോഷ്യൽ സെക്യുരിറ്റി മിഷൻ വീ കെയർ പദ്ധതിയിലുൾപ്പെടുത്തി ആവശ്യമായ ചികിത്സ ലഭ്യമാക്കാൻ നിർദ്ദേശം നൽകുകയുമായിരുന്നു. ചൊവ്വാഴ്ച രാവിലെ ആംബുലൻസിൽ ഫാത്തിമത്ത് ഷഹലയെ ചെന്നൈ ആശുപത്രിയിലേക്ക് കൊണ്ടു പോയെന്ന് കേരള സോഷ്യൽ സെക്യുരിറ്റി മിഷൻ ജില്ലാ കോർഡിനേറ്റർ. ജിഷോ ജെയിംസ് അറിയിച്ചു. സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ കുട്ടിക്ക് സൗജന്യമായി യാത്രാ സൗകര്യമൊരുക്കും. ചികിത്സയും മരുന്നും സൗജന്യമാണ്. ലോക്ഡൗണിൽ ചികിത്സ വഴിമുട്ടിയപ്പോൾ സർക്കാർ സഹായമെത്തിയതിൽ ആശ്വസിക്കുന്നത് ഒരു നാടാകെയാണ്.