കാസർകോട്: നീണ്ട ഹോം ക്വാറന്റൈന് ശേഷം കാസർകോട് പാർലമെന്റ് മണ്ഡലത്തിൽ എത്തിയ രാജ്മോഹൻ ഉണ്ണിത്താൻ എം.പി രാവിലെ മുതൽ പള്ളിക്കര, വോർക്കാടി, പൈവളികെ, എൻമകജെ പഞ്ചായത്തുകളിലെ സാമൂഹിക അടുക്കളകൾ സന്ദർശിച്ചു. കമ്മ്യൂണിറ്റി കിച്ചനുകളിലെ നടത്തിപ്പ് സംബന്ധിച്ച് പഞ്ചായത്ത് പ്രസിഡന്റുമാരുമായി ചർച്ച നടത്തി. കർണാടക സർക്കാർ അതിർത്തിയിൽ റോഡ് മണ്ണിട്ട് മൂടിയ സാറടുക്കയിലെത്തി സന്ദർശിച്ചു. പിന്നീട് ഉക്കിനടുക്ക മെഡിക്കൽ കോളേജിലെത്തി കോട്ടയം മെഡിക്കൽ കോളേജിൽ നിന്നെത്തിയ ആരോഗ്യ പ്രവർത്തകന്മാരുമായി സംസാരിച്ചു. കേരളത്തിന്റെ പൊതുസമൂഹം നിങ്ങളുടെ കൂടെ ഉണ്ടെന്നും നിങ്ങൾ കേരളത്തിന്റെ അഭിമാനം ആണെന്നും അദ്ദേഹം മെഡിക്കൽ സംഘത്തെ പ്രശംസിച്ചു. പിന്നീട് 15 കൊവിഡ് രോഗികൾ, രോഗ വിമുക്തരായതിനെ തുടർന്ന് ജനറൽ ആശുപത്രി അധികൃതർ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിൽ രോഗ വിമുക്തരായവർക്ക് കണികൊന്നപ്പൂക്കുല നൽകി എം.പി അവരെ യാത്രയാക്കി.
വിവിധ സ്ഥലങ്ങളിൽ എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, ബീഫാത്തിമ ഇബ്രാഹിം, വിനോദ് കുമാർ പള്ളയിൽ വീട്, എ.കെ.എം. അഷ്‌റഫ്, ജെ.എസ് സോമ ശേഖര, മാഹിൻ കേളോട്ട് , ഉമ്മർ ബോർക്കുള, നോയൽ ടോമിൻ ജോസഫ്, പഞ്ചായത്ത് പ്രസിഡന്റുമാരായ വൈ. ശാരദ, അബ്ദുൽ മജീദ്, ഇന്ദിര, ഭാരതീ ജെ ഷെട്ടി, എന്നിവർ തങ്ങളുടെ പഞ്ചായത്തുകളിൽ എം.പി യോടൊപ്പം ഉണ്ടായിരുന്നു.