കണ്ണൂർ: കൊവിഡ് രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിൽ നിയമവും നിയന്ത്രണവും ശക്തമാക്കി പൊലീസ്. ജില്ലയെ മൂന്ന് സോണുകളായി തിരിച്ചാണ് പൊലീസ് പ്രവർത്തനം ഊർജ്ഞിതമാക്കിയത്. ജില്ലാ പൊലീസ് ചീഫ് യതീഷ്ചന്ദ്ര, അരവിന്ദ് ശ്രീധർ, നവനീത് ശർമ്മ എന്നി ഉന്നത ഉദ്യാഗസ്ഥർക്കാണ് ജില്ലയുടെചുമതല നൽകിയിട്ടുള്ള. തലശ്ശേരി, ഇരിട്ടി സബ്ഡിവിഷനുകളിൽപെട്ട പൊലീസ് സ്റ്റേൻ പരിധിയുടെ ചുമതല നവനീത് ശർമ്മയ്ക്കാണ്. കണ്ണൂർ, തളിപ്പറമ്പ് സബ്ഡിവിഷനുകൾ അരവിന്ദ് ശ്രീധറിന്റെ നിയന്ത്രണത്തിലായിരിക്കും. ജില്ല പൊലീസ് ചീഫ് യതീഷ്ചന്ദ്ര ജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ഇന്നു പുലർച്ചെ മുതൽ പൊലീസ് നിയന്ത്രണം പൂർണമായും തങ്ങളുടെ അധീനതതയിലാക്കി കഴിഞ്ഞു. പുറത്തുകണ്ടാൽ അറസ്റ്റ് ചെയ്യാനാണ് ഉത്തരവ്. ആരോഗ്യം, മീഡിയ എന്നിവർക്ക് മാത്രമാണ് ഇളവുള്ളത്. മരുന്ന്, മറ്റ് അത്യാവശ്യ സാധനങ്ങൾ എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാൽ ലഭ്യയമാകും. നിയമവും നിയന്ത്രണവും നടപ്പിലാക്കുന്നതിൽ യാതൊരു ധാക്ഷിണ്യവും കാട്ടരുതെന്ന് കീഴ് ഉദ്യോഗസ്ഥർക്ക് അദ്ദേഹം ഉത്തരവ് നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ ഉള്ളതുകൊണ്ടാണ് ജില്ലയിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കർക്കശമാക്കാൻ സർക്കാർ തീരുമാനിച്ചത്. അതുകൊണ്ടാണ് ജനങ്ങൾക്ക് ഏറെബുദ്ധിമുട്ട് ഉണ്ടാക്കുന്ന ട്രിപ്പിൾ ലോക്ക് നടപ്പാക്കാൻ പൊലീസിന് നിർദ്ദേശം കൊടുത്തത്. രോഗവ്യാപനം ശക്തമായപ്പോൾ കാസർകോട് ജില്ലയിൽ നേരത്തെ ട്രിപ്പിൾ ലോക്ക് നടപ്പാക്കിയിരുന്നു. ഇതാണ് കാസർകോട് വൈറസ് വ്യാപനം നിയന്ത്രിക്കാൻ കഴിഞ്ഞത്. ട്രിപ്പിൾ ലോക്ക് നടപ്പാക്കുന്നതോടെ ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷൻ പരിധിയിലും കർശന പരിശോധനയാണ് രാവിലെ മുതലെ തുടങ്ങിയിട്ടുള്ളത്. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിർദേശം. ഇത്തരക്കാരുടെ വണ്ടികൾ പൊലീസ് പിടിച്ചെടുക്കും.
ഇന്നലെ ആറ് പേർക്കാണ് ജില്ലയിൽ കൊവിഡ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലും കണ്ണൂരിലുള്ളവർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. കാസർകോട് ജില്ലയിലെ ജനങ്ങൾ കഴിഞ്ഞ ഒരു മാസത്തോളം കർശനമായ നിയന്ത്രണങ്ങളിൽ ബുദ്ധിമുട്ടിയെങ്കിലും അതിനിപ്പോൾ ഫലം കണ്ടെന്നും മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. കണ്ണൂരിലുള്ളതിലും കൂടുതൽ പേർ കൊവിഡ് രോഗത്തിന് ചികിത്സയിൽ ഉണ്ടായിരുന്നത് കാസർകോടാണ്. എന്നാൽ അവിടെ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നവരെല്ലാം അതിവേഗം രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങുന്ന അവസ്ഥയുണ്ട്. ഇന്നലെ പരിശോധന ഫലം നെഗറ്റീവായ 21 കൊവിഡ് രോഗികളിൽ 19 പേരും കാസർകോട് സ്വദേശികളാണ്. കഴിഞ്ഞ ദിവസങ്ങളിലും ഒരുപാട് പേർ കാസർകോട് നിന്നും രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങിയിരുന്നു. നിലവിൽ കേരളത്തിലെ മൂന്ന് ജില്ലകളിൽ മാത്രമാണ് പത്തിലേറെ കൊവിഡ് രോഗികൾ ചികിത്സയിലുള്ളത്. കണ്ണൂർ (52), കാസർകോട് (25), കോഴിക്കോട് (13). മലപ്പുറം, പത്തനംതിട്ട ജില്ലകളിൽ ആറ് പേർ വീതം ചികിത്സയിലുണ്ട്. അഞ്ച് പേരാണ് കൊല്ലത്ത് ചികിത്സയിലുള്ളത്. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, ജില്ലകളിൽ രണ്ട് പേർ വീതവും വയനാട്ടിൽ ഒരാളും ചികിത്സയിലുണ്ട്. കോട്ടയം, ഇടുക്കി, തൃശ്ശൂർ ജില്ലകളെ കൂടാതെ ഇന്ന് ആലപ്പുഴ ജില്ലയും കൊവിഡ് മുക്തമായ ജില്ലകളുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ഇന്നലെ മാത്രം കണ്ണൂരിൽ നിയന്ത്രണം ലംഘിച്ചതിന് 55 കേസുകൾ രജിസ്ട്രർ ചെയ്തിരുന്നു. 55 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.