നീലേശ്വരം: ലോക്ക്ഡൗണിനെ കൂസാതെ കടവിൽ മീൻപിടിക്കാനും വാങ്ങാനും എത്തിയവരെ തുരത്തിയോടിച്ച് നാട്ടുകാർ. നീലേശ്വരം അഴീത്തലയിലാണ് ഇന്ന് രാവിലെ 9 മണിയോടെ സംഘർഷ സാദ്ധ്യത ഉടലെടുത്തത്. ലോക്ക്ഡൗണിനെ തുടർന്ന് മടക്കര ഹാർബറും തൈക്കടപ്പുറം ഹാർബറും അടച്ചതോടെയാണ് മീൻ പിടുത്തക്കാർ അഴീത്തല കടവിൽ കേന്ദ്രീകരിച്ചത്. അഞ്ചോളം പേർ സഞ്ചരിക്കുന്ന അറുപതോളം ഫൈബർ വള്ളങ്ങൾ ഇവിടെ അടുപ്പിക്കാൻ തുടങ്ങിയതോടെ പല നാടുകളിലുള്ളവരും മത്സ്യ വ്യാപാരികളും ഇവിടേക്ക് ഒഴുകിയെത്തി. ഇവിടെ ജനത്തിരക്കേറിയത് ഡപ്യൂട്ടി ഡയറക്ടറെ അറിയിച്ചെങ്കിലും നടപടി സ്വീകരിക്കാൻ തയ്യാറായില്ലെന്നാണ് ആക്ഷേപം. പ്രദേശത്ത് നിരവധി വീടുകളുള്ളതായും തങ്ങളുടെ ആരോഗ്യത്തെ പോലും ബാധിക്കുന്നതായും സമീപവാസിയായ വിനീത് പറയുന്നു. അയല, ചരു തുടങ്ങിയ മീനുകളാണ് ഇവിടെ എത്തിച്ചിരുന്നത്.