tree

മലപ്പുറം: നിലമ്പൂരിൽ കൊല്ലം സ്വദേശിനിയുടെ എസ്റ്റേറ്റിൽ തീയിട്ട് രണ്ട് കോടി രൂപയുടെ മരങ്ങൾ നശിപ്പിച്ച സംഭവത്തിൽ പ്രതികളെ രക്ഷിക്കാൻ ശ്രമമെന്ന് ആക്ഷേപം. കൊറ്റംകര ചന്ദനതോപ്പിൽ അമൃത ഭവനത്തിലെ ജയ മുരുകേഷിന്റെ ഉടമസ്ഥതയിലുള്ള മലപ്പുറത്തെ അമരമ്പലത്ത് റീഗൾ എസ്റ്റേറ്റിലെ 16 ഏക്കറാണ് ഏപ്രിൽ 13ന് കത്തിച്ചത്.

തേക്ക്മരമടക്കം കത്തിച്ചതിൽ പി.വി അൻവർ എം.എൽ.എയുടെ ആൾക്കാരാണെന്ന് പരാതിയിൽ പറയുന്നു. എ.കെ.എസ് സിദ്ദിഖ്, പാട്ടക്കരിമ്പ് വേങ്ങാപരത സ്വദേശി മുസ്തഫ, പി.ടി സിദ്ദിഖ്, വിജയൻ എന്നിവർക്ക് പങ്കുണ്ടെന്ന് കാട്ടി പരാതി മെയിലായി അയച്ചെങ്കിലും ഒപ്പില്ലെന്ന് കാട്ടി പൂക്കോട്ടുംപാടം പൊലീസ് പരിഗണിക്കാൻ തയ്യാറായില്ല. സ്വമേധയാ കേസെടുത്ത് തയ്യാറാക്കിയ എഫ്.ഐ.ആറിൽ അജ്ഞാതരാണ് തീയിട്ടതെന്ന് ചിത്രീകരിച്ച് പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുന്നതായാണ് ആക്ഷേപം. ഇതേ തുടർന്ന് കുടുംബം മുഖ്യമന്ത്രിയെ സമീപിച്ചു. അൻവറുമായി സ്ഥല സംബന്ധമായ പല പ്രശ്നങ്ങളും നിലനിൽക്കെയാണ് പുതിയ വിവാദം.

ഭീഷണിയിലൂടെ തങ്ങളെ ഒഴിപ്പിക്കാനാകില്ലെന്ന് ജയയുടെ ഭർത്താവ് മുരുകേഷ് നരേന്ദ്രൻ പറഞ്ഞു. എസ്റ്റേറ്റ് കത്തിക്കുമെന്ന് പ്രതികൾ നേരത്തെ ഭീഷണിപ്പെടുത്തിയതായി മാർച്ച് 7ന് പരാതിപ്പെട്ടിരുന്നു. തീ കത്തുന്ന സമയത്ത് 20 കിലോ മീറ്റർ അകലെ മമ്പാട് നിന്നും പ്രതികൾ എസ്റ്റേറ്റിലെത്തിയിരുന്നു. ഇക്കാര്യം പൂക്കോട്ടുംപാടം ഇൻസ്‌പെക്ടർ വിഷ്ണുവിനെ അറിയിച്ചെങ്കിലും ചെവിക്കൊണ്ടില്ലെന്നാണ് പരാതിക്കാരി പറയുന്നത്.

കോടതി ഉത്തരവ് ലംഘിച്ച് എസ്റ്റേറ്റിൽ നിന്നും റബർ മരങ്ങൾ മുറിച്ചുകടത്തിയ സംഭവത്തിലും നേരത്തെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. രണ്ടു തവണ എസ്റ്റേറ്റിലെ കുഴൽകിണറിലെ മോട്ടോർ മോഷ്ടിച്ച് പൈപ്പുകൾ മുറിച്ച് കുഴൽകിണർ ഉപയോഗ ശ്യൂന്യമാക്കിയതിൽ ആറു ലക്ഷം രൂപയുടെ നഷ്ടവും ഉണ്ടായിരുന്നു. പരാതിയുമായി പോയ മാനേജരെ ഇൻസ്‌പെക്ടർ ഭീഷണിപ്പെടുത്തുകയും തോട്ടം സർക്കാരിനെ കൊണ്ട് ഏറ്റെടുപ്പിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്‌തെന്നും മുരുകേഷ് പറയുന്നു.


നേരത്തെ ഇവരുടെ എസ്റ്റേറ്റിൽ ആദിവാസികളെ കൊണ്ട് കുടിൽ കെട്ടി സമരം ചെയ്യിപ്പിച്ചത് കോടതി ഇടപെട്ട് ഒഴിപ്പിച്ചിരുന്നു. കാൽനൂറ്റാണ്ട് മുൻപ് യൂത്ത് ലീഗ് പ്രവർത്തകനായിരുന്ന മനാഫിനെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നിലും ഇത്തരം സ്ഥലം കൈയ്യേറാനുള്ള ശ്രമമായിരുന്നെന്നും ആക്ഷേപം നിലനിൽക്കുന്നുണ്ട്. ഇതിൽ പ്രതിയ്ക്ക് ശിക്ഷ വാങ്ങി കൊടുക്കാൻ പ്രോസിക്യൂഷന് സാധിച്ചിരുന്നില്ല.

രണ്ടര വർഷത്തോളമായാണ് ജയയുമായി പ്രശ്നം നിലനിൽക്കുന്നത്. വാച്ച്മാനായി ചുമതലപ്പെടുത്തിയ നാലോളം പേർ ഭീഷണി ഭയന്ന് പോയതായി മുരുകേഷ് നരേന്ദ്രൻ പറയുന്നു. വാറ്റുകാർ ബീഡി ഇട്ട് പോയതാണ് തീപിടുത്തത്തിന് കാരണമെന്നൊക്കെയാണ് പൊലീസ് വാദം നിരത്തുന്നതത്രേ. സംഭവത്തിൽ കേരള ഫാർമേഴ്സ് അസോസിയേഷൻ അടക്കം നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. ജയ മുരുകേഷിന്റെ കുടുംബം അറുപത് വർഷത്തോളമായി എസ്റ്റേറ്റ് നടത്തുന്നുണ്ട്.

complint-2-