covid

ജനീവ: ലോകത്തെ പ്രതിസന്ധിയിലാക്കിയ കൊവിഡ് 19ന് പിന്നാലെ രാജ്യങ്ങൾ ഭക്ഷ്യ ക്ഷാമത്തിലേക്ക് നീങ്ങുന്നു. സേവന മേഖലയിൽ കേന്ദ്രീകരിക്കുകയും ഭക്ഷണാവശ്യത്തിനായി മറ്റുള്ളവരെ ആശ്രയിക്കുകയും ചെയ്യുന്ന രാജ്യങ്ങളിലാണ് പ്രതിസന്ധി രൂക്ഷമാകുക. ഈ വർഷം അവസാനത്തോടെ 265 ദശലക്ഷം ആളുകൾ പട്ടിണിയിലേക്ക് തള്ളപ്പെടുമെന്നാണ് യു.എൻ മുന്നറിയിപ്പ്. വൈറസ് വ്യാപനത്തെ തുടർന്ന് ലോകത്ത് 25 ലക്ഷത്തിലേറെ പേരാണ് രോഗികളായത്.

ഉത്പന്നങ്ങൾ വിൽക്കാനാകാതെ കർഷകരും ദുരിതത്തിലായി. ഇതിന് കാരണം വിതരണം ചെയ്യുന്നവരുടെ നിസഹകരണം ആണെന്നാണ് ആരോപണം. ഇതാണ് സാമ്പത്തിക പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ഇടയാക്കിയത്. കഴി‌ഞ്ഞ വർഷം വരെ 130 ദശലക്ഷം ആളുകളായിരുന്നു ഭക്ഷ്യക്ഷാമം അനുഭവിച്ചത്. ലോകം സാധാരണ നിലയിലേക്കെത്താൻ കാലങ്ങൾ വേണ്ടിവരും. യു.എൻ ഫുഡ് ആന്റ് അഗ്രികൾച്ചറൽ ഓർഗനൈസേഷന്റെ ആഗോള ഭക്ഷ്യ പ്രതിസന്ധിയെ കുറിച്ചുള്ള റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

വേൾഡ് ഫുഡ് പ്രോഗ്രാം ഉൾപ്പെടെ ഈ മേഖലയിലെ 14 സംഘടനകളുമായി ചേർന്ന് തയ്യാറാക്കിയ റിപ്പോർട്ട് ചൊവ്വാഴ്ചയാണ് പ്രസിദ്ധീകരിച്ചത്. ലോക മഹായുദ്ധ കാലത്താണ് സമാനമായ പ്രതിസന്ധിയിലൂടെ കടന്ന് പോയത്. രണ്ടാം ലോക മഹായുദ്ധം ശക്തി പ്രാപിച്ചിരുന്ന 1943-ൽ ബംഗാളിൽ കടുത്ത ക്ഷാമം ഉണ്ടാകുകയും പത്തുലക്ഷത്തിലധികം പേർ പട്ടിണി കിടന്നു മരിക്കുകയും ചെയ്തിരുന്നു.

ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ ബംഗാളിലും മറ്റു പ്രദേശങ്ങളിലും അടിയന്തര ഭക്ഷണമോ ധനസഹായമോ നൽകാതിരുന്നത് വലിയ വിവാദമായിരുന്നു. ഇത്തവണ ദരിദ്ര രാഷ്ട്രങ്ങളിലെ പട്ടിണി നേരിടുന്നതിലും ഭരണകൂടം പരാജയമാകുമെന്നാണ് വിലയിരുത്തൽ. ആഫ്രിക്കൻ രാജ്യങ്ങളാകും കൊവിഡ് 19 ന് ശേഷമുള്ള പ്രത്യാഘാതം അനുഭവിക്കുന്നതിൽ മുൻപന്തിയിൽ ഉണ്ടാവുക.