covid

ഗാങ്ടോക്ക്: രാജ്യമെങ്ങും കൊവിഡ് 19 വ്യാപിച്ചപ്പോൾ തരിമ്പും കൂസാതെ നിന്നൊരു നാടുണ്ട്. ഇന്ത്യയുടെ കിഴക്കൻ ഭാഗത്തെ സിക്കിം എന്ന കൊച്ചു സംസ്ഥാനം. ജനുവരിയിൽ കേരളത്തിൽ കൊവിഡ് 19 ആദ്യമായി റിപ്പോർട്ട് ചെയ്ത സമയംമുതൽ കർശനമായ മുൻകരുതലുകൾ സ്വീകരിച്ചതാണ് തങ്ങളെ രക്ഷിച്ചതെന്ന് സിക്കിം മുഖ്യമന്ത്രി പ്രേംസിംഗ് തമാംഗ് പറയുന്നു. ഇന്ത്യയിലെ ഏറ്റവും വലിപ്പം കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നാണ് സിക്കിം.

ഫെബ്രുവരി ആദ്യവാരം മുതൽ ഇവിടെ പരിശോധന ആരംഭിച്ചിരുന്നു. മാർച്ച് 5 മുതൽ വിദേശികളുടെ സന്ദർശനത്തിന് വിലക്ക് ഏർപ്പെടുത്തി. ആഭ്യന്തര സന്ദർശകർക്കും വിലക്കായിരുന്നു. സംസ്ഥാന അതിർത്തികൾ പൂട്ടി. ഇത്രയൊക്കെയേ തങ്ങൾ ചെയ്തുള്ളൂയെന്ന് സിക്കിം മുഖ്യമന്ത്രി പറഞ്ഞു.

ആറ് ലക്ഷത്തിലധികം ആളുകളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നത്. ഭാഗ്യവശാൽ എല്ലാ ഫലങ്ങളും നെഗറ്റീവ് ആയി. ലോക്ക് ഡൗൺ നിയമങ്ങൾ പാലിക്കുന്നതിൽ ജനങ്ങൾ പ്രകടിപ്പിച്ച ഉത്തരവാദിത്വം പ്രശംസനീയമാണ്. ഞങ്ങൾ വിജയിച്ചു. ഒരു കൊവിഡ് 19 കേസ് പോലും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കും.ലോക്ക് ഡൗൺ നീക്കുന്ന സാഹചര്യത്തിൽ അടുത്ത ഘട്ടത്തിലെ മുൻകരുതൽ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ്- 'തമാംഗ് പറയുന്നു.

ടൂറിസം മേഖലയെ ആശ്രയിച്ച് കഴിയുന്ന സിക്കിമിനെ ലോക്ക് ഡൗൺ ബുദ്ധിമുട്ടിലാക്കി. വരുമാനം ലഭിക്കാത്തത് ജനങ്ങളെ ബാധിച്ചു. എന്നാൽ ജീവൻ രക്ഷിക്കുകയാണ് ഇപ്പോൾ പ്രധാനമെന്ന് അധികൃതർ വ്യക്തമാക്കുന്നു. സർക്കാർ ഓഫീസുകൾ പ്രവർത്തിക്കാനായി ജീവനക്കാരെ കൊണ്ടുവരാൻ പ്രത്യേകം ബസ് സർവീസും നടത്തുന്നുണ്ട്.