marunnu-vitharanam-
പടം ..മുംബൈയിൽ നിന്നെത്തിച്ച ഒന്നേകാൽ ലക്ഷം രൂപ വിലവരുന്ന ജീവൻരക്ഷാ മരുന്ന് കാസർകോട് എൻഫോഴ്‌സ്‌മെന്റ് ആർ ടി ഒ ഇ മോഹൻദാസ് ക്ളായിക്കോട്ടെ സജിതക്ക് കൈമാറുന്നു

കാസർകോട്: ലോക് ഡൗണിൽ കുടുങ്ങി ജീവൻ രക്ഷാമരുന്ന് തീർന്ന ക്യാൻസർ രോഗം പിടിപെട്ട് അവശതയനുഭവിക്കുന്ന ക്ലായിക്കോട് കുണ്ടത്തിൽ വീട്ടിൽ സജിത (37) ക്ക് മോട്ടോർ വാഹന വകുപ്പിന്റെ കൈത്താങ്ങ്. ക്ളായിക്കോട്ടെ നാരായണൻ-ശാരദ ദമ്പതികളുടെ മകളായ സജിത ഏറെക്കാലമായി ചികിത്സയിലാണ്. മുംബൈയിൽ നിന്നും എത്തിച്ച ഒന്നേകാൽ ലക്ഷം രൂപ വിലവരുന്ന മരുന്ന് കാസർകോട് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ഇ. മോഹൻദാസ് വീട്ടിൽ എത്തി കൈമാറിയപ്പോൾ വേദന കൊണ്ട് പുളയുന്ന സജിതയുടെ മുഖത്ത് ആശ്വാസത്തിന്റെ കിരണങ്ങൾ. ലോക് ഡൗൺ കരുതലിന്റെ ഭാഗമായി അന്വേഷണം നടത്തിയപ്പോഴാണ് സജിത സ്ഥിരമായി കഴിക്കുന്ന 'പാൽബോസിക്ലിബ്' എന്ന മരുന്ന് രണ്ടാഴ്ചയായി ലഭിക്കുന്നില്ലെന്ന് അറിഞ്ഞത്.

മംഗലാപുരം ഫാദർ മുള്ളർസ് ആശുപത്രിയിൽ ചികിത്സ നടത്തുന്ന ഇവരുടെ സാമ്പത്തിക പരാധീനത അറിഞ്ഞു ചികിത്സിക്കുന്ന ഡോക്ടർ മുംബൈയിലുള്ള പാൽബേസ് വി കെയർ ഫൗണ്ടേഷൻ മരുന്ന് കമ്പനിയുമായി ബന്ധപ്പെട്ടു. സാമൂഹ്യ പ്രവർത്തകൻ രംദാസ് തൃക്കരിപ്പൂരിന്റെ സഹായത്തോടെയാണ് കഴിഞ്ഞ എട്ടുമാസമായി സൗജന്യമായി മരുന്ന് കിട്ടികൊണ്ടിരുന്നത്. കഴിഞ്ഞ മാർച്ച് 31 ന് തീർന്ന മരുന്ന് ലോക്ക് ഡൗൺ കാരണം കൊറിയർ ഏജൻസികൾ പൂട്ടിയതിനാൽ കമ്പനിയിൽ കുടുങ്ങിക്കിടക്കുകയാണെന്ന വിവരം എം.വി.ഐ പി.വി രതീഷും സംഘവും മനസിലാക്കി.

ഈ വിവരം എൻഫോഴ്സ്മെൻറ് ആർടിഒ. മോഹൻദാസിന്റെ ശ്രദ്ധയിൽപ്പെടുത്തി. അദ്ദേഹം നടത്തിയ ഇടപെടലിൽ കേരള മോട്ടോർ വെഹിക്കിൾ ഗസറ്റഡ് ഓഫീസേർസ് അസോസിയേഷൻ വഴി മുംമ്പൈയിലെ മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരായ സച്ചിൻ, ദീപക് എന്നീ എം.വി ഐ മാർ കമ്പനി അധികൃതരുമായി ബന്ധപ്പെട്ട് എയർ കാർഗോ വഴി മരുന്ന് എത്തിക്കുകയായിരുന്നു. മരുന്ന് വിതരണ ചടങ്ങിൽ എം.വി.ഐമാരായ ടി. വൈകുണ്ഠൻ, പി.വി രതീഷ്, വി.കെ ദിനേശ് കുമാർ, ബിനീഷ് കുമാർ, സാമൂഹ്യ പ്രവർത്തകൻ രാംദാസ് തൃക്കരിപ്പൂർ,എ.എം.വി ഐമാരായ ഗണേഷ് , പ്രഭാകരൻ, അരുൺരാജ് ,ഡ്രൈവർ മനോജ് , രാജീവൻ എടവലത്ത് എന്നിവർ സംബന്ധിച്ചു.