കണ്ണൂർ: കൊവിഡ് മൂലമുള്ള ലോക്ക് ഡൗണിന് പുറമെ കടുത്ത വരൾച്ച കൂടിയായതോടെ ദുരിതത്തിലായ നാടിന് ആശ്വാസനീരുമായി നാറാത്തെ കോട്ടാഞ്ചേരി സ്വദേശിയായ അബ്ദുൽ നാസർ. രാവിലെ മുതൽ ഉച്ച വരെ തന്റെ കാറിൽ ഒരു സഹായിയെയും കൂട്ടി ദേശീയപാതയിലും അനുബന്ധ റോഡുകളിലും സേവനമനുഷ്ഠിക്കുന്ന പൊലീസുകാർക്കും ആരോഗ്യ, സന്നദ്ധ പ്രവർത്തകർക്കും കുടിവെള്ളമെത്തിക്കുകയാണ് അബ്ദുൽ നാസർ.
കണ്ണൂർ പഴയ ബസ് സ്റ്റാന്റിനു സമീപം കോട്ടഞ്ചേരി എന്റർപ്രൈസസെന്ന പേരിൽ ഇന്റർനെറ്റ് കഫെയും മറ്റനുബന്ധ സേവനങ്ങളും നടത്തുന്ന നാസറിന് എട്ടു വർഷം മുമ്പ് വാഹനാപകടത്തിൽ പൊലിഞ്ഞ ഏക മകൻ മുഹമ്മദ് നിഷാബിന്റെ ഓർമ നിലനിർത്താനാണ് ഈ കാരുണ്യപ്രവർത്തനം.
കഴിഞ്ഞ എട്ടു വർഷവും റമസാനിൽ മുഴുവൻ ദിവസങ്ങളിലും കോട്ടഞ്ചേരി എന്റർപ്രൈസസിൽ നോമ്പുതുറ സംഘടിപ്പിച്ചിരുന്നു നാസർ. അതിനു പകരമൊന്നുമല്ലെങ്കിലും ഇത്തവണ മകന്റെ പേരിലുള്ള ഫൗണ്ടേഷന്റെ പേരിൽ സേവനനിരതരായവർക്ക് കുടിവെളളമെത്തിക്കുകയാണ്. ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരിയായ ഭാര്യയെ ഓഫീസിലാക്കിയ ശേഷം നാസർ കുടിവെള്ള വിതരണത്തിന്റെ തിരക്കിലേക്ക് മാറും.
ഗോൾഡൻ നൂക്ക്, ബ്രീസ് ലോഡ്ജുകളുടെയും ആഞ്ചീസ് റിവൈവ് ബ്യൂട്ടിപാർലറിന്റെയും മാനേജിംഗ് ഡയരക്ടറായ നാസറിന്റെ വാഹനങ്ങൾ ഐ.ആർ.പി.സിയുടെ സേവനങ്ങൾക്കായി സൗജന്യമായി വിട്ടുകൊടുക്കാറുണ്ട്. ഐ.ആർ.പി.സി വളണ്ടിയറായ നാസറിന്റെ കുടിവെള്ള വിതരണം കടുത്ത ചൂടിൽ ദിവസം മുഴുവൻ നിൽക്കേണ്ടിവരുന്ന പൊലീസുദ്യോഗസ്ഥർക്ക് അനുഗ്രഹമാണ്.
സെൻട്രൽ സ്കൂളിൽ ഏഴാം തരം വിദ്യാർത്ഥിയായിരുന്ന മകന്റെ പേരിൽ 29 മെഡിക്കൽ ക്യാമ്പ് നടത്തിയിട്ടുണ്ട്. രണ്ടു പേർക്ക് കൃത്രിമ കാൽ വെച്ചു കൊടുത്തു കഴിഞ്ഞ പ്രളയകാലത്ത് ആദിവാസി കോളനികളിൽ വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും നൽകിയിരുന്നു.