കാസർകോട് : വയനാട് ഒഴികെയുള്ള മലബാറിലെ നാല് ജില്ലകളിൽ കൊവിഡ് കണ്ടെത്താനുള്ള റാപ്പിഡ് ടെസ്റ്റ് അടുത്ത ആഴ്ച തുടങ്ങും. 12400 റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ഐ. സി. എം. ആർ കേരളത്തിന് കൈമാറിയതോടെയാണ് ഇതിനുള്ള നടപടികൾ ആരോഗ്യവകുപ്പ് ആരംഭിച്ചത്. കിറ്റുകളുടെ ഗുണനിലവാര പരിശോധന നടക്കുയാണിപ്പോൾ.

ഈ പരിശോധന പൂർത്തിയായ ഉടൻ കിറ്റുകൾ ഓരോ ജില്ലകൾക്കും കൈമാറും.നിലവിൽ റെഡ് സോണിൽ ഉൾപ്പെടുത്തിയിട്ടുള്ള കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് റാപ്പിഡ് ടെസ്റ്റിനുള്ള ഒരുക്കം നടക്കുന്നത്. ഹോട്ട്സ്പോട്ട് ഏരിയകൾ കൂടുതലുള്ള ജില്ലകൾ ആണിത്. തുടക്കത്തിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗബാധിതർ ഉണ്ടായ ജില്ലയായിരുന്നു കാസർകോട്. ഇപ്പോൾ കൂടുതൽ രോഗികളുള്ളത് കണ്ണൂരിലാണ്.

പ്രോട്ടോക്കാൾ തയ്യാർ

കിറ്റുകൾ കിട്ടുന്ന മുറക്ക് റാപ്പിഡ് ടെസ്റ്റ് നടത്തുന്നതിന് ആവശ്യമായ പ്രോട്ടോകോൾ ആരോഗ്യവകുപ്പ് നേരത്തെ തയ്യാറാക്കിയിരുന്നു. കിറ്റുകൾ വരാൻ വൈകിയതിനാൽ ടെസ്റ്റ് തുടങ്ങാൻ കഴിഞ്ഞില്ല. പരിശോധനക്കായി രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി വികസിപ്പിച്ചിരുന്ന റാപ്പിഡ് ടെസ്റ്റ് കിറ്റുകൾക്ക് ഐ.സി.എം.ആർ അനുമതി നൽകിയിരുന്നില്ല. ചൈനയിൽനിന്ന് കൊണ്ടുവന്ന മൂന്നു ലക്ഷം കിറ്റുകളിൽ നിന്നാണ് 12400 എണ്ണം ഇപ്പോൾ കേരളത്തിനു ലഭിച്ചത്. പ്രായമായവരിലും പ്രകടമായ രോഗലക്ഷണങ്ങൾ കാണിക്കാത്തവരിലുമാണ് ആദ്യഘട്ടത്തിൽ ടെസ്റ്റ് നടത്തുക. രോഗലക്ഷണങ്ങൾ ഒന്നും ഇല്ലാതെ ശരീരത്തിനകത്ത് പോസിറ്റീവ് വൈറസുള്ളവരെ കണ്ടെത്തുകയാണ് ലക്ഷ്യം.

പ്രോട്ടോക്കാളുകൾ

1) മേഖലയിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിച്ച് പഠനത്തിന് മുൻഗണന .

2) രക്തസാമ്പിൾ ശേഖരണം വൈറസ് പകരാൻ കാരണം ആകില്ലെന്ന് ഉറപ്പുവരുത്തും.

3) ടെസ്റ്റ് അതീവ സുരക്ഷയോടെ

4) പ്രതിരോധ ചികിത്സാരംഗങ്ങളിലുള്ള ആരോഗ്യ പ്രവർത്തകരെ സാമ്പിൾ പരിശോധനയ്ക്ക് ഉപയോഗിക്കാം.

5) കിറ്റുകളുടെ എണ്ണത്തിനനുസരിച്ച് ടെസ്റ്റ് നടത്തുന്നതിന് സ്വകാര്യ ലാബുകളെ ഉപയോഗിക്കാം.

6) പരിശീലനം ലഭിച്ചവർക്ക് മാത്രം കിറ്റ് ഉപയോഗിക്കാൻ അനുമതി .

7 സ്വയം ടെസ്റ്റ് നടത്താൻ അനുമതി നൽകില്ല.

8സമൂഹ വ്യാപനം ഉണ്ടാകുന്നുണ്ടോ എന്ന് നിരീക്ഷിക്കും.