നീലേശ്വരം: ലോക്ക് ഡൗണിൽ കുടുങ്ങിയതിനു പുറമെ വേനൽ മഴയും വൈകിയതോടെ വിത്തിടാനാകാതെ നെൽകർഷകർ. സാധാരണയായി ഏപ്രിൽ മദ്ധ്യത്തോടെ ഒന്നോ രണ്ടോ കനത്ത വേനൽമഴ ലഭിക്കാറുണ്ടായിരുന്നു. എന്നാൽ ഈ വർഷം ഇതുവരെയുെ കാര്യമായി വേനൽമഴ ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ കർഷകർ വയലിൽ വിത്തിട്ടിട്ടുമില്ല.
കൂടാതെ ലോക്ക് ഡൗണായതിനാൽ ട്രാക്ടർ ലഭ്യമല്ലാത്തതിനാൽ വയൽ ഉഴുതുമറിച്ച് പാകപ്പെടുത്താനാകാത്തതും കർഷകർക്ക് തിരിച്ചടിയായി. ആദ്യ വിളവെടുപ്പിനുശേഷം വയലിൽ പയർ, ഉഴുന്ന് കൃഷി നടത്തിയതാകട്ടെ തൊഴിലാളികളെ കിട്ടാത്തതിനാൽ ഇതുവരെ പറിച്ചെടുക്കാനായിട്ടുമില്ല. ഇവ പറിച്ചെടുത്തതിന് ശേഷമാണ് വയൽ വിത്തിടാൻ പാകപ്പെടുത്താറ്.

ഏപ്രിൽ അവസാനത്തോടെ ഉഴുത് മറിച്ചിട്ട് വിത്ത് പാകിയാൽ പിന്നെ വേനൽ മഴ ലഭിച്ചിട്ടില്ലെങ്കിലും കർഷകർ വെള്ളം പമ്പ് ചെയ്ത് ഞാറ് വളർത്താറുണ്ട്. 40 ദിവസം വളർച്ചയെത്തിയ ഞാറാണ് പറിച്ച് നട്ടു വളർത്താറ്. അപ്പോഴേക്കും ഇടവപ്പാതി വന്നു കഴിഞ്ഞാൽ കർഷകന് ഞാറ് പറിച്ചുനടാനും വിഷമമുണ്ടാകാറില്ല. എന്നാൽ ഈ വർഷം നിനച്ചിരിക്കാതെ വന്ന ലോക്ക് ഡൗണും വേനൽ മഴയുടെ കുറവും നെൽകർഷകരെ ആശങ്കയിലാഴ്ത്തുകയാണ്.

കൊല്ലംതോറും കാലവർഷത്തിൽ വരുന്ന ഏറ്റക്കുറച്ചിലിൽ നെൽകർഷകരുടെ പ്രതീക്ഷയാണ് തകർക്കുന്നത്. അതുകൊണ്ട് തന്നെ വർഷം തോറും നെൽകർഷകർ കൃഷിയിറക്കുന്നതിൽ നിന്നും പിറകോട്ട് പോയ്‌കൊണ്ടിരിക്കുകയാണ്.

പ്രളയ ഭീതി മാറാതെ
കഴിഞ്ഞ വർഷം പെയ്തിറങ്ങിയ പ്രളയത്തിൽ മിക്ക കർഷകർക്കും വിളവെടുപ്പിനു സാധിച്ചിരുന്നില്ല. നെൽകർഷകന് കൃഷിയിൽ നിന്നുള്ള ആകെയുള്ള ലാഭം വൈക്കോലിൽ നിന്നാണ്. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ മുങ്ങിയതോടെ വൈക്കോൽ മുഴുവനും നശിച്ചുപോയിരുന്നു.