കണ്ണൂർ: ലോക്ക് ഡൗണിൽ ജയിൽ വിഭവങ്ങൾക്കും പൂട്ട് വീണതോടെ കണ്ണൂർ സെൻട്രൽ ജയിൽ മലബാർ ഫ്രീഡം ഫുഡ് ഫാക്ടറിയുടെ വരുമാനം കുത്തനെ ഇടിഞ്ഞു. ജയിലിന് എതിർവശം ദേശീയപാതയ്ക്കരികിലായി പ്രവർത്തിക്കുന്ന കൗണ്ടറിലൂടെയും ഓൺലൈൻ വഴിയും ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്ക് വിധേയമായി മാത്രമാണിപ്പോൾ വില്പന. ഇതോടെ നാലു ലക്ഷം രൂപയോളം ദിവസേന ലഭിച്ചുകൊണ്ടിരുന്ന വരുമാനം 40,​000 രൂപയിലേക്ക് ചുരുങ്ങി. നടക്കുന്നത് പത്ത് ശതമാനം വില്പന മാത്രം.

ജില്ലയിലെ കൂത്തുപറമ്പ്,​ തലശ്ശേരി,​ തളിപ്പറമ്പ്,​ പഴയങ്ങാടി തുടങ്ങിയ ടൗണുകളിലും കണ്ണൂർ നഗരത്തിലും വാഹനങ്ങളിൽ വില്പന നടന്നിരുന്നു. ഇതിലൂടെയാണ് കൂടുതൽ വിപണനം നടന്നിരുന്നത്. ഇത് അട‌ഞ്ഞതോടെയാണ് വരുമാനം കുത്തനെ ഇടിഞ്ഞത്. എന്നാൽ വിഭവങ്ങളെല്ലാം ഇപ്പോഴും തയ്യാറാക്കുന്നുണ്ട്. ചപ്പാത്തി,​ വെജിറ്റബിൾ- ചിക്കൻ കറികൾ,​ ബിരിയാണി,​ ചിപ്സ്,​ ലഡു,​ കിണ്ണത്തപ്പം എന്നിവയെല്ലാം കൗണ്ടറിൽ ലഭ്യമാണ്. ഉത്പാദനം കുറച്ചതിനാൽ അടുക്കളയിൽ തടവുകാരുടെ എണ്ണവും കുറച്ചിട്ടുണ്ട്. നാലുമാസം മുമ്പാണ് ഓൺലൈൻ ഭക്ഷണ വിതരണ സ്ഥാപനവുമായി സഹകരിച്ച് മലബാർ ഫ്രീഡം ഫുഡ് ഫാക്ടറി ഓൺലൈൻ വിതരണം ആരംഭിച്ചത്.

ഓൺലൈൻ വിതരണം ലോക്ക് ഡൗൺ കാലത്ത് തുണയായിട്ടുണ്ട്. എന്നാൽ ഇതുവഴി ജയിൽ ഉത്പന്നങ്ങൾക്ക് കാര്യമായ ഡിമാന്റ് ലഭിക്കുന്നില്ലെന്നാണ് പറയുന്നത്.

പച്ചക്കറികൾ പുറത്തേക്കില്ല

ജയിൽ വളപ്പിൽ ഉത്പാദിപ്പിക്കുന്ന പച്ചക്കറികളും മറ്റും കൗണ്ടറുകൾ വഴി ആവശ്യക്കാർക്ക് വിതരണം ചെയ്തിരുന്നു. എന്നാൽ കൊവിഡ് -19 പ്രതിരോധത്തിന്റെ ഭാഗമായി ഇപ്പോൾ ഇവ പുറത്ത് വില്പന നടത്തുന്നില്ല. പച്ചക്കറികൾ വില്പന നടക്കുമ്പോൾ ആളുകൾ കൂട്ടമായി കൗണ്ടറിലെത്തുന്ന പതിവുണ്ട്. ഇതുകൊണ്ട് ജയിലിലെ പച്ചക്കറി ഉത്പ്പന്നങ്ങൾ ഇപ്പോൾ ഇവിടെ തന്നെ അടുക്കളയിൽ ഉപയോഗിക്കുകയാണ്.