കൂത്തുപറമ്പ്: പ്രതിരോധ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി പിണറായി പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രധാന റോഡുകളെല്ലാം അടച്ചു. സമീപ പഞ്ചായത്തായ പെരളശ്ശേരി റെഡ് സോണിൽ ഉൾപ്പെടുത്തിയതിനെ തുടർന്നാണ് മമ്പറം ടൗണിൽ ഉൾപ്പെടെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.
മമ്പറം - പിണറായി റോഡ്, പിണറായി - കാപ്പുമ്മൽ റോഡ്, പിണറായി - പാറപ്രം - മൂന്ന് പെരിയ റോഡ്, കായലോട്-പന്തക്കപ്പാറ റോഡ്, ഓടക്കടവ്-മക്രേരി റോഡ് എന്നിവയെല്ലാമാണ് അടച്ചിട്ടുള്ളത്. അതോടൊപ്പം മമ്പറം ടൗണിലൂടെ കടന്ന് പോകുന്ന പെരളശ്ശേരി-കണ്ണൂർ റോഡ്, കായലോട് കൂത്തുപറമ്പ് റോഡ്, തലശ്ശേരി റോഡ്, അഞ്ചരക്കണ്ടി റോഡ് എന്നിവയിലും ഭാഗികമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആംബുലൻസ് ഉൾപ്പെടെയുള്ള അത്യാവശ്യ വാഹനങ്ങളെ മാത്രമെ പ്രധാന റോഡുകളിലൂടെ കടന്ന് പോകാൻ അനുവദിക്കുന്നുള്ളു.
റോഡ് അടച്ച മേഖലകളിൽ പൊലീസ് പട്രോളിങ്ങും ഏർപ്പെടുത്തിയിട്ടുണ്ട്. പെരളശ്ശേരി പഞ്ചായത്തിൽ കൊവിഡ് പോസിറ്റീവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് മമ്പറം ടൗണിൽ ഉൾപ്പെടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. അതേസമയം റെഡ് സോണിൽ ഉൾപ്പെടുത്തിയതിനാൽ പെരളശ്ശേരി ടൗണിലെ കടകൾ അടഞ്ഞ് കിടക്കുകയാണ്. എന്നാൽ മമ്പറം ടൗണിലും, ഉൾപ്രദേശങ്ങളിലും പലചരക്ക് കടകൾ, പച്ചക്കറിക്കടകൾ എന്നിവ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്. സി.ഐ.കെ.വി.പ്രമോദ്, പ്രിൻസിപ്പൽ എസ്.ഐ.കെ.വി.ഉമേഷ്, എസ്.ഐ.മാരായ അരുളാനന്ദൻ, സുബിൻ രാജ്, എ.എസ്.ഐ.പി.അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷാ സംവിധാനം ശക്തമാക്കിയിട്ടുള്ളത്. പെരളശ്ശേരി, വേങ്ങാട്, പിണറായി പഞ്ചായത്തുകളുടെ നേതൃത്വത്തിൽ മേഖലയിൽ പ്രതിരോധ പ്രവർത്തനങ്ങളും ശക്തമാക്കിയിട്ടുണ്ട്. വേങ്ങാട് പെരളശ്ശേരി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ചു കൊണ്ട് അഞ്ചരക്കണ്ടി പുഴക്ക് കുറുകെ കീഴത്തൂരിൽ നിർമ്മിച്ച തൂക്കുപാലവും പൊലീസ് അടച്ചിട്ടുണ്ട്.