ആലക്കോട്: വേനൽ മഴയ്ക്ക് പിന്നാലെ ആലക്കോട് പഞ്ചായത്തിൽ പ്രത്യക്ഷപ്പെട്ട ഡങ്കിപ്പനി ഉദയഗിരി,നടുവിൽ പഞ്ചായത്തുകളിലേക്കും പടരുന്നു. തേർത്തല്ലി പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ പരിധിയിൽപ്പെട്ട പെരിങ്ങാല, തേർത്തല്ലി, ചിറ്റടി, കുണ്ടേരി തുടങ്ങിയ പ്രദേശങ്ങളിലാണ് ആദ്യ ഘട്ടത്തിൽ രോഗം റിപ്പോർട്ട്‌ ചെയ്തത്.

ഇതിനെത്തുടർന്ന് രോഗബാധയുള്ള പ്രദേശങ്ങളിൽ ഫോഗിംഗ്, ക്‌ളോറിനേഷൻ, കൊതുകുകളുടെ ഉറവിടനശീകരണം, ബോധവത്കരണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. രണ്ട് ഫോഗിംഗ് മെഷീനുകൾകൂടി വാങ്ങിയെങ്കിലും ലോക്ക്ഡൗൺ മൂലം വാർഡുതലത്തിൽ ആളുകളുടെ സഹകരണം വേണ്ടപോലെ ലഭിച്ചില്ല.

തേർത്തല്ലിയിൽ മാത്രം 25 ഡങ്കി കേസുകൾ
കഴിഞ്ഞ ദിവസം വരെ തേർത്തല്ലി പി.എച്ച്.സിയുടെ പരിധിയിൽ 25 ൽ അധികം പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ ആലക്കോട് പഞ്ചായത്ത് പരിധിയിൽപെട്ട നെല്ലിപ്പാറ, അരങ്ങം, ഒറ്റമുണ്ട എന്നിവിടങ്ങളിലും രോഗബാധ റിപ്പോർട്ടുചെയ്തിട്ടുണ്ട്. ഉദയഗിരി പഞ്ചായത്തിലെ മണക്കടവ് മേഖലയിലും 15ഓളം പേർക്ക് രോഗം ബാധിച്ചു. നടുവിലും ഡെങ്കിപ്പനി ആശങ്കയുണ്ട്. ഇവിടങ്ങളിൽ ലോക്ക്ഡൗൺ കാരണം പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമവുമല്ല.

ബൈറ്റ്

വീടും പരിസരവും ശുചീകരിക്കാത്ത വർക്കെതിരെ പിഴ ചുമത്തും. മഴക്കാലരോഗങ്ങളെ ചെറുക്കുന്നതിന് പരിസരശുചീകരണം അത്യന്താപേക്ഷിതമാണ്- ഡോ. ബിജോയ് മാത്യു ,ആലക്കോട് പി.എച്ച്.സി മെഡിക്കൽ ഓഫീസർ.