തലശ്ശേരി: ന്യൂമാഹി പഞ്ചായത്തിൽ മസ്ജിദിൽ പ്രാർത്ഥന നടത്തിയവർക്കെതിരെ പൊലീസ് കേസെടുത്തു. ഇവരിൽ നാല് പേരെ കണ്ണൂരിലെ കൊവിഡ് കെയർ സെന്ററിലേക്ക് നിരീക്ഷണത്തിനായി അയച്ചു. പെരിങ്ങാടി മമ്മി മുക്കിലെ ജുമാ മസ്ജിദിലാണ് ഇന്നലെ രാവിലെ അഞ്ചോടെ ചിലർ ഒത്തുചേർന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി രഹസ്യമായി ഇവിടെ പ്രാർത്ഥന നടക്കുന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് ന്യൂമാഹി പൊലീസ് നടത്തിയ പരിശോധനയിലാണ് എട്ട് പേർ പ്രാർത്ഥന നടത്തുന്നത് കണ്ടത്. ഇവരിൽ നാല് പേർ ഓടി രക്ഷപ്പെട്ടു. പൊന്ന്യം വെസ്റ്റിലെ നാമത്ത് മുക്കിൽ റഹ്മത്ത് മൻസിലിലെ ഷമ്മാസ് (23), പെരിങ്ങാടി ഷംനാസിൽ നൗഷാദ് (30), പെരിങ്ങാടി പുത്തൻപുരയിൽ പി. ഉമ്മർ (60), പെരിങ്ങാടി റഹ്മത്ത് ഹൗസിൽ ഇ.പി. സക്കറിയ (62) എന്നിവരുൾപ്പെടെ എട്ട് പേർക്കെതിരെയാണ് കേസെടുത്തത്.
സി.ഐ ജയേഷ് ബാലൻ, എസ്.ഐ ജെ.എസ്. രതീഷ്, സി.പി.ഒമാരായ നിഷിൻ, സുഗേഷ്, സിജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.