തളിപ്പറമ്പ്: തളിപ്പറമ്പിൽ കോവിഡ് പ്രതിരോധ നടപടികൾ പൊലീസ് കർശനമാക്കി. ദേശീയപാതയിൽ നിന്നുള്ള ഭൂരിഭാഗം ലിങ്ക് റോഡുകളും പൊ ലീസ് സീൽ ചെയ്തിട്ടുണ്ട്. പട്ടുവത്തുനിന്നും എളുപ്പത്തിൽ തളിപ്പറമ്പിലെത്താൻ സഹായിക്കുന്ന കോട്ടക്കീൽ പാലം ഉൾപ്പെടെ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് അടച്ചിട്ടുണ്ട്.

തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയിൽ സർസയ്യിദ് കേളേജ് ജംഗ്ഷൻ, മന്ന, മദ്രസ എന്നിവിടങ്ങളിൽ പൊലീസ് പരിശോധന ഏർപ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യ ആവശ്യങ്ങൾക്കല്ലാതെ ബൈക്കിൽ ചുറ്റിക്കറങ്ങുന്നവരെ നിർബന്ധിത ക്വാറന്റീനിൽ പ്രവേശിപ്പിക്കുന്നുണ്ട്. 14 ദിവസം കഴിഞ്ഞ് മാത്രമേ ഇവരെ പുറത്തുവിടുകയുള്ളൂ. തളിപ്പറമ്പ് മാർക്കറ്റ് റോഡ്, ദേശീയപാത എന്നിവിടങ്ങളിലും കടുത്ത നിയന്ത്രണങ്ങളുണ്ട്. മാർക്കറ്റിലേക്കുള്ള പ്രവേശനം പൊലീസ് പൂർണമായി തന്നെ നിയന്ത്രിച്ചിരിക്കയാണ്‌